RAHUL GANDHI| സി വി പത്മരാജന്റെ വിയോഗത്തില്‍ രാഹുല്‍ ഗാന്ധി അനുശോചിച്ചു

Jaihind News Bureau
Thursday, July 17, 2025

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന സി. വി പത്മരാജന്റെ വിയോഗത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുശോചിച്ചു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

‘മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മന്ത്രിസഭാംഗവുമായിരുന്ന ശ്രീ സി. വി. പത്മരാജന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഒരു ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായും കെ.പി.സി.സി. പ്രസിഡന്റായും മന്ത്രിയായും അദ്ദേഹം തന്റെ ജീവിതം പൊതുസേവനത്തിനായി ഉഴിഞ്ഞുവെച്ചു. അദ്ദേഹത്തിന്റെ ലാളിത്യവും സത്യസന്ധതയും കേരളത്തിലെ ജനങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും എന്നും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അനുയായികള്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം’-രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബുധനാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സി വി പത്മരാജന്റെ അന്ത്യം. 94 വയസ്സായിരുന്നു. കെപിസിസി മുന്‍ അധ്യക്ഷനും കെ കരുണാകരന്‍ എകെ ആന്റണി മന്ത്രിസഭകളില്‍ അംഗവുമായിരുന്ന സി.വി. പത്മരാജന്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായി പാര്‍ട്ടിയെ സ്‌നേഹിക്കുകയും പ്രവര്‍ത്തിക്കുയും ചെയ്തു.

പത്മരാജന്‍ വക്കീല്‍ എന്നാണ് അദ്ദേഹം സ്വദേശമായ കൊല്ലത്തും പരിസരങ്ങളിലും അറിയപ്പെട്ടിരുന്നത്. വാര്‍ദ്ധക്യസഹജമായ അവശതകളില്‍ അദ്ദേഹം കുറേക്കാലമായി വിശ്രമജീവിതത്തിലായിരുന്നു . കൊല്ലം ജില്ലയിലെ പരവൂരില്‍ കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈയിലാണ് അദ്ദേഹത്തിന്റെ ജനനം. അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് എത്തിയ അദ്ദേഹം പൊതു പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അധ്യാപകനായാണ് ജീവിതം തുടങ്ങിയത് എങ്കിലും തുടര്‍ന്ന് നിയമ ബിരുദം നേടി അഭിഭാഷക ജോലിയിലേയ്ക്കു കടന്നു. എണ്‍പതുകള്‍ വരെ കൊല്ലം ജില്ലയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു.