CV PADMARAJAN| കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന് സ്ഥലം വാങ്ങിയ ദീര്‍ഘദര്‍ശി; തൊണ്ണൂറ്റി നാലാം പിറന്നാള്‍ അടുത്തിരിക്കെ വിയോഗം

Jaihind News Bureau
Wednesday, July 16, 2025

ജൂലൈ 22 ആണ് സിവി പദ്മരാജന്റെ ജന്‍മ ദിനം. ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വിയോഗം. അന്‍പത്തിമൂന്നു വര്‍ഷമായി കൊല്ലം സഹകരണ അര്‍ബര്‍ ബാങ്കിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം എല്ലാ പ്രവൃത്തിദിവസവും ബാങ്കിലെത്തിയിരുന്നു. കോണ്‍ഗ്രസിന്റ സൗമ്യവും ശാന്തവുമായ ഒരു സാന്നിദ്ധ്യമാണ് പിന്‍വാങ്ങുന്നത്.

പരവൂര്‍ സ്വദേശിയായ സിവി പത്മരാജന്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയപ്പോഴാണ് കൊല്ലം നഗരത്തിന്റെ ഭാഗമായത്. കെ. കരുണാകരന്‍-എ.കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായതും കെപിസിസി അധ്യക്ഷനായതുമൊക്കെ പില്‍ക്കാല ചരിത്രം. 1982 ല്‍ ചാത്തന്നൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മന്ത്രിയായി. മന്ത്രിസ്ഥാനം രാജിവച്ചാണ് 83 ല്‍ കെപിസിസി അധ്യക്ഷനായത്.

കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായി തലയുയര്‍ത്തി നില്‍ക്കുന്ന കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് പിന്നില്‍ ഒരു നേതാവിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും ചരിത്രമുണ്ട്. പാര്‍ട്ടിയുടെ അമരക്കാരനായിരുന്ന സി.വി. പത്മരാജനാണ് സ്വന്തമായൊരു ആസ്ഥാനമെന്ന കോണ്‍ഗ്രസിന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്.

പാര്‍ട്ടിക്ക് സ്വന്തമായി ഒരിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം പ്രവര്‍ത്തകരില്‍ നിന്ന് ധനസമാഹരണത്തിന് ആഹ്വാനം ചെയ്തു. ഈ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി സമാഹരിച്ച തുക ഉപയോഗിച്ച് ശാസ്തമംഗലത്തെ ‘പുരുഷോത്തമം’ എന്ന വീട് കോണ്‍ഗ്രസ് വിലയ്ക്ക് വാങ്ങി. പിന്നീട് ഈ വീടാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിമാനസ്തംഭമായ ഇന്ദിരാഭവനായി മാറിയത്. മറ്റൊരര്‍ത്ഥത്തില്‍ സി.വി. പത്മരാജന്റെ ഇച്ഛാശക്തിയും സംഘാടന മികവുമാണ് ഇന്ദിരാഭവന്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ധനസമാഹരണവും തുടര്‍പ്രവര്‍ത്തനങ്ങളുമാണ് ഇന്ന് കാണുന്ന കെപിസിസി ആസ്ഥാനത്തിന് അടിത്തറ പാകിയത്.