DRUG ARREST| മയക്കുമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്താന്‍ ശ്രമം: ബ്രസീലിയന്‍ ദമ്പതികള്‍ നെടുമ്പാശേരിയില്‍ പിടിയില്‍

Jaihind News Bureau
Wednesday, July 16, 2025

മയക്കുമരുന്ന് ക്യാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്തികൊണ്ടുവന്ന ദമ്പതിമാര്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍. ബ്രസീല്‍ സ്വദേശികളായ ലൂക്കാസ, ഭാര്യ ബ്രൂണ എന്നിവരെയാണ് ഡിആര്‍ഐ പിടികൂടിയത്. സ്‌കാനിങ്ങില്‍ ഇവര്‍ മയക്കുമരുന്ന് ക്യാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേയ്ക്ക് മാറ്റി.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തിയത്. ബ്രസീല്‍ സ്വദേശികളെയും അവരുടെ ബാഗേജും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് ഇരുവരെയും സ്‌കാനിങ്ങിന് വിധേയമാക്കി. മയക്കുമരുന്ന് വിഴുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇതുവരെ എഴുപതോളം ഗുളികള്‍ പുറത്തെടുത്തു.

കൊക്കെയ്നാണ് ക്യാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയതെന്നാണ് സംശയിക്കുന്നത്. ദമ്പതിമാരില്‍ നിന്ന് തിരുവനന്തപുരത്ത് ഹോട്ടല്‍ മുറി ബുക്ക് ചെയ്തതിന്റെ വിവരങ്ങള്‍ ഡിആര്‍ഐയ്ക്ക് ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ വിമാനമിറങ്ങി തിരുവനന്തപുരത്ത് എത്തി മയക്കുമരുന്ന് കൈമാറാനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് കരുതുന്നത്. ഇവരുടെ ഫോണ്‍കോള്‍ വിവരങ്ങളടക്കം ഡിആര്‍ഐ സംഘം പരിശോധിച്ചുവരികയാണ്.