യുഎഇയിലെ ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി യുവതി വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ സംസ്‌കാരം മാറ്റിവച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് കുഞ്ഞിന്റെ സംസ്‌കാരം അവസാന നിമിഷം മാറ്റിവെച്ചത്. ഇതിനിടെ, കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്‌കരിക്കരുതെന്നും, പിറന്ന മണ്ണിലേക്ക് കൊണ്ടുപോകണമെന്നും വിപഞ്ചികയുടെ മാതാവ് ഷൈലജ ഷാര്‍ജയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാനായി വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷും കുടുംബവും സ്മാശനത്തില്‍ എത്തിയിരുന്നു. ഈ സമയത്താണ് കോണ്‍സുലേറ്റില്‍ നിന്നും നിധീഷിന് ഫോണ്‍വിളി എത്തിയത്. ഇതിനെ തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം തിരികെ കൊണ്ടുപോകുകയായിരുന്നു. അതേസമയം ജനിച്ച മണ്ണില്‍ മക്കളെ സംസ്‌കരിക്കണമെന്ന് വിപഞ്ചികയുടെ അമ്മ ആവശ്യപ്പെട്ടു. ഷാര്‍ജയില്‍ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഷൈലജ പറഞ്ഞു.
ജുലൈ എട്ടിനാണ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച് ആര്‍ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനേയും മകള്‍ വൈഭവിയേയും ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം കയറില്‍ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോര്‍ട്ട്.