ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അംഗങ്ങള്‍ക്കായി ഡിജിറ്റല്‍ ഹാജര്‍ സംവിധാനം നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ചോദ്യങ്ങളുമായി പ്രതിപക്ഷം. സുതാര്യതയും ഉത്തരവാദിത്തവുമാണ് ലക്ഷ്യമെങ്കില്‍ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ഈ നിയമത്തില്‍ നിന്ന് എന്തിനാണ് ഒഴിവാക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ചോദിച്ചു.
‘ഈ നടപടിക്ക് സ്വയം മാതൃകയായി നേതൃത്വം നല്കുകയല്ലേ പ്രധാനമന്ത്രി ചെയ്യേണ്ടത്? ഒരു സമ്മേളന കാലയളവിലെ 28 ദിവസങ്ങളില്‍ വെറും 3-4 ദിവസം മാത്രം ലോക്സഭയില്‍ ഹാജരാകുന്ന പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ ഹാജര്‍നില ഇത് വെളിപ്പെടുത്തും,’ അദ്ദേഹം പറഞ്ഞു.
‘വെറുതെ ഹാജര്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് പകരം, നമുക്ക് വേണ്ടത് വ്യവസ്ഥാപരമായ പരിഷ്കാരങ്ങളാണ്. എല്ലാവര്ക്കും നിര്‍ബന്ധിത ഹാജര്‍, സുതാര്യമായ പങ്കാളിത്ത കണക്കുകള്‍, സംസാരിച്ചതിന്റെയും വോട്ട് ചെയ്തതിന്റെയും രേഖകള്‍ സ്വയമേവ പ്രസിദ്ധീകരിക്കുക എന്നിവയാണ് വേണ്ടത്,’ ടാഗോര്‍ കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഗുണം അതിന് പിന്നിലെ ഉദ്ദേശശുദ്ധിയെ ആശ്രയിച്ചിരിക്കുമെന്നും ഉത്തരവാദിത്തം തിരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്ക് മാത്രമാകുമ്പോള്‍ സംവിധാനം അതിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പുതിയ സംവിധാനം നടപ്പാക്കാന്‍ താല്പര്യം കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എംപിമാര്‍ക്ക് ഇലക്ട്രോണിക് സംവിധാനവുമായി പൊരുത്തപ്പെടാന്‍ സമയം നല്‍കുന്നതിന്റെ ഭാഗമായി ലോബിയിലെ ഹാജര്‍ രജിസ്റ്റര്‍ കുറച്ചുകാലം കൂടി തുടരും. പാര്‍ലമെന്റ് നടപടികള്‍ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഇലക്ട്രോണിക് ടാബ്ലെറ്റില്‍ ഡിജിറ്റല്‍ പേന ഉപയോഗിച്ച് ഹാജര്‍ രേഖപ്പെടുത്താനുള്ള സൗകര്യം സ്പീക്കര്‍ ഒരുക്കിയിരുന്നു.
പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന ദിവസങ്ങളിലെ അലവന്‍സുകള്‍ ലഭിക്കുന്നതിനാണ് എംപിമാര്‍ സാധാരണയായി ഹാജര്‍ രേഖപ്പെടുത്തുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 21 ന് ആരംഭിച്ച് ഓഗസ്റ്റ് 21 വരെ തുടരും