ഉന്നത വിദ്യാഭ്യാസ മേഖല കുളമായി; പിണറായി വിജയന്‍ ഏറ്റവും വലിയ ആര്‍എസ്എസ് ഏജന്റ്: വി ഡി സതീശന്‍

Jaihind News Bureau
Tuesday, July 15, 2025

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല കുളമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ഗവര്‍ണര്‍ പോരില്‍ ഇരകളായത് വിദ്യാര്‍ത്ഥികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പിണറായി വിജയന്‍ ഏറ്റവും വലിയ ആര്‍എസ്എസ് ഏജന്റാണെന്നും സ്വന്തം കാര്‍ മാറ്റി മസ്‌കറ്റ് ഹോട്ടലില്‍ പോയി ആര്‍ എസ് എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയത് സതീശനല്ല പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് കൊല്ലത്ത് പറഞ്ഞു.

സംസ്ഥാനത്തെ പതിമൂന്ന് യൂണിവേഴ്‌സിറ്റികളില്‍ പന്ത്രണ്ടിലും താല്‍ക്കാലിക വൈസ് ചാന്‍സിലര്‍മാരാണെന്ന് ചൂണ്ടിക്കാണിച്ച പ്രതിപക്ഷ നേതാവ് പല ഗവണ്‍മെന്റ് കോളേജുകളിലും പ്രിന്‍സിപ്പള്‍മാരില്ലെന്നും വ്യക്തമാക്കി. ഡിഗ്രി കോഴ്‌സുകളില്‍ കുട്ടികളില്ല. പല പിജി കോഴ്‌സുകളും നിര്‍ത്തലാക്കുകയാണ്. വിദ്യാര്‍ത്ഥികളെല്ലാം മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു. കേരള സര്‍വകലാശാലയില്‍ എന്താണ് ഇപ്പോള്‍ നടക്കുന്നതെന്നും ചോദിക്കാനും പറയാനും ആളില്ലേ എന്നും അദ്ദേഹം ചോദിച്ചു. സര്‍വകലാശാലയില്‍ നടക്കുന്ന തര്‍ക്കം അവസാനിപ്പിക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

2500 കൂട്ടികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പു വച്ചിട്ടില്ല. പുതിയ കോഴ്‌സുകള്‍ അംഗീകരിച്ചിട്ടില്ല. കൂട്ടികളാണ് ഇതിന്റെ ഇരയായി മാറുന്നത്. രാജ്ഭവനും ഗവര്‍ണര്‍ക്കുമെതിരെ സമരം ചെയ്‌തോട്ടെയെന്നും എന്നാല്‍ യൂണിവേഴ്‌സിറ്റിയില്‍ പോയി സമരം ചെയ്യുന്നതെന്തിനാണെന്നും യൂണിവേഴ്‌സിറ്റി ജീവനക്കാരെ ഉപദ്രവിക്കുന്നതെന്തിനാണെന്നും വി ഡി സതീശന്‍ ചോദിച്ചു. കേരളത്തില്‍ അനങ്ങിക്കഴിഞ്ഞാലുള്ള മൂദ്രാവാക്യം കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടുമെന്നാണ്. അതാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്ക് കേരളത്തിലെ ജനങ്ങളോട് പറയാനുള്ളത്. ആരോഗ്യ രംഗത്തെ വെന്റിലേറ്ററിലാക്കിയെന്നും വിദ്യാഭ്യാസ രംഗം അപകടകരമായ നിലയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.