KOTTAYAM THIRUVATHUKKAL MURDER| കോട്ടയം തിരുവാതുക്കല്‍ ദമ്പതി വധക്കേസ്: പോലീസ് ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കും

Jaihind News Bureau
Tuesday, July 15, 2025

കോട്ടയം തിരുവാതുക്കല്‍ ദമ്പതി വധക്കേസിന്റെ കുറ്റപത്രം പോലീസ് ഈ ആഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കോട്ടയത്ത് വ്യവസായിയും തിരുവാതിക്കല്‍ സ്വദേശിയുമായ വിജയകുമാര്‍ ഭാര്യ ഡോക്ടര്‍ മീര എന്നിവരുടെ കൊലക്കേസിന്റെ കുറ്റപത്രമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിക്കുക. കോട്ടയം മജിസ്‌ട്രേറ്റ് മൂന്നാം കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

സംഭവം നടന്ന് 75 ദിവസത്തിനുള്ളിലാണ് കോട്ടയം വെസ്റ്റ് പൊലീസ് കുറ്റപത്രം തയാറാക്കിയത്. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ.വിജയകുമാര്‍, ഭാര്യ ഡോ. മീര എന്നിവരെ ഏപ്രില്‍ 22ന് ആണ് അസം സ്വദേശി അമിത് ഉറാങ് കൊലപ്പെടുത്തിയത്. പ്രതിക്ക് ദമ്പതികളോടുള്ള പകയാണ് കൊലപാതകത്തിന് കാരണം എന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ തൃശൂരില്‍ നിന്ന് പിടികൂടിയതിനുശേഷം കൊലപാതകം നടന്ന വീട്ടിലെത്തിച്ചു തെളിവെടുക്കുകയും ചെയ്തു. അതേസമയം വിജയകുമാറിനെ മാത്രം കൊല്ലാനാണ് ഉദ്ദേശിച്ചിരുന്നതെന്നും, ശബ്ദം കേട്ട് ഉണര്‍ന്നതിനാലാണ് മീരയെ കൊന്നതെന്നുമാണ് പ്രതി പോലീസിന് നല്‍കിയ മൊഴി.

പ്രതിക്ക് കൊല്ലപ്പെട്ട വിജയകുമാറിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കിയത്. പ്രതി അമിത്, വിജയകുമാറിന്റെ വീട്ടിലെ മുന്‍ജീവനക്കാരനായിരുന്നു. ഇയാള്‍ വിജയകുമാറിന്റെ വീട്ടില്‍ നിന്ന് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പിന്നാലെ വിജയകുമാര്‍ ഇയാളെ പുറത്താക്കുകയായിരുന്നു. ജോലി നഷ്ടമായതോടെ അമിത് വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. പിന്നാലെ തട്ടിപ്പ് കേസില്‍ പ്രതി ആയതോടെ ഭാര്യ ഇയാളില്‍ നിന്നു അകന്നുപോയി. ഈ സമയത്ത് ഭാര്യ ഗര്‍ഭിണി ആയിരുന്നു, ഇതിനിടെ ഗര്‍ഭം അലസിപോയി. ഇക്കാരണങ്ങള്‍ കൊണ്ട് വിജയകുമാറിനോട് പ്രതി അമിതിന് വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ വൈരാഗ്യമാണ് ദമ്പതികളുടെ കൊലപാതകത്തില്‍ കലാശിച്ചത്.