കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചുചേര്‍ത്തത്. ഈ മാസം 21ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും അജണ്ടയും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകും.
വര്‍ഷകാല സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിക്കേണ്ട നിലപാടുകളും ചോദ്യങ്ങളും സംബന്ധിച്ച് യോഗം അന്തിമ തീരുമാനമെടുക്കും. അതേസമയം പഹല്‍ ഗാം ഭീകരാക്രമണം, ഓപ്പറേഷന് സിന്ധൂര്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കാനാണ് തീരുമാനം. അഹമ്മദാബാദ് വിമാന അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യോമയാന മന്ത്രിയുടെ മറുപടിയും ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ഇരുസഭകളിലെയും ഉപനേതാക്കള്‍, ചീഫ് വിപ്പുകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സോണിയ ഗാന്ധിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ തന്ത്രരൂപീകരണ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും.