KERALA UNIVERSITY| വി സി- രജിസ്ട്രാര്‍ പോരില്‍ സ്തംഭിച്ച് ഫയല്‍ നീക്കം; സര്‍വകലാശാലയില്‍ കെട്ടിക്കിടക്കുന്നത് 3000 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍

Jaihind News Bureau
Monday, July 14, 2025

കേരള സര്‍വകലാശാലയില്‍ തുടരുന്ന വിസി-രജിസ്ട്രാര്‍ പോരില്‍ ഫയല്‍ നീക്കം പാടെ സ്തംഭിച്ചു. 3000 ത്തോളം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളാണ് സര്‍വകലാശാലയില്‍ വിസിയുടെ ഒപ്പിനായി കാത്തുകിടക്കുന്നത്. പ്രതിഷേധം ഭയന്ന് 15 ദിവസമായി സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ കഴിയാത്ത വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍ ഇന്ന് ഗവര്‍ണറെ സന്ദര്‍ശിച്ച് സ്ഥിതിവിശേഷങ്ങള്‍ ധരിപ്പിക്കും.

അതേസമയം കെല്‍ട്രോണിന് പകരം ഡിജിറ്റല്‍ സര്‍വകലാശാലയുടെ നിയന്ത്രണത്തില്‍ ഇ-ഫയലിംഗ് സംവിധാനം ആക്കാനുള്ള നീക്കങ്ങള്‍ വിസി നടത്തുന്നുവെങ്കിലും ഇനിയും ഫലം കണ്ടിട്ടില്ല. എല്ലാ നോഡല്‍ ഓഫീസര്‍മാരുടെയും അധികാരം വിേച്ഛദിച്ച് സൂപ്പര്‍ അഡ്മിന്‍ ആക്‌സെസ് തനിക്ക് മാത്രം ആക്കണമെന്നുമുള്ള ആവശ്യം കെല്‍ട്രോണ്‍ ചുമതലപ്പെടുത്തിയ സ്വകാര്യ പ്രൊവൈഡര്‍മാര്‍ പ്രാവര്‍ത്തികമാക്കാത്തതിനെ തുടര്‍ന്നാണ് ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് ചുമതല നല്‍കുവാന്‍ വിസി ലക്ഷ്യമിട്ടിരിക്കുന്നത്.

അതേസമയം താത്കാലിക വൈസ് ചാന്‍സലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ചാന്‍സലറായ ഗവര്‍ണര്‍ നല്‍കിയ അപ്പീലില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. കേരള, സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍കാലിക നിയമനങ്ങളെയാണ് ഹൈകോടതി ചോദ്യം ചെയ്തത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, പി വി ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചാണ് വിധി പറയുക.