PAHALGAM ATTACK| പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാ വീഴ്ച ഏറ്റെടുത്ത് ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍

Jaihind News Bureau
Monday, July 14, 2025

 

പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ. പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നും സ്ഥലത്ത് മതിയായ സുരക്ഷ ഇല്ലായിരുന്നു എന്നും മനോജ് സിന്‍ഹ അറിയിച്ചു. വിനോദ സഞ്ചാരികളെ ആക്രമിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് പഹല്‍ഗാമിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് സമ്മതിക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണം നടന്ന് 82 ദിവസങ്ങള്‍ കഴിയുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. പഹല്‍ഗാമില്‍ നടന്നത് വളരെ നര്‍ഭാഗ്യകരമാണെന്നും സുരക്ഷാ വീഴ്ചയുണ്ടായെന്നും മനോജ് സിന്‍ഹ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിടില്ലെന്നായിരുന്നു ഇവിടുത്തെ പൊതു വിശ്വാസം. ആക്രമണം നടന്ന സ്ഥലം ഒരു തുറന്ന പുല്‍മേടാണ്. സുരക്ഷാ സേനയ്ക്ക് അവിടെ സന്നിഹിതരാകാന്‍ സൗകര്യമോ ഇടമോ ഇല്ല,” സിന്‍ഹ പറഞ്ഞു. അതേസമയം ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലൂടെ സിന്‍ഹ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു.