ഡല്‍ഹിയില്‍ നിന്ന് കാണാതായ ത്രിപുര സ്വദേശിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി. പത്തൊമ്പതുകാരിയായ സ്നേഹ ദേബ്നാഥിനെയാണ് ഞായാറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈ ഏഴിനാണ് സ്നേഹയെ കാണാതാകുന്നത്. കാണാതായി ആറ് ദിവസങ്ങള്‍ക്കു ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
ഡല്‍ഹി സര്‍വകലാശാലയിലെ ആത്മ റാം സനാതന്‍ ധര്‍മ്മ കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്സി ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിനിയായ സ്നേഹ കുടുംബത്തോടൊപ്പം ഡല്‍ഹിയിലെ പര്യാവരണ്‍ കോംപ്ലക്സ് പ്രദേശത്താണ് താമസിച്ചിരുന്നത്.
യമുനാ നദിയില്‍ ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സ്നേഹയുടേതെന്ന് കരുതപ്പെടുന്ന ഒരു കുറിപ്പ് കുടുംബം പൊലീസിന് കൈമാറിയിരുന്നു. താന്‍ ഒരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നുവെന്നും ജീവിതം അസഹനീയമായി തുടങ്ങിയെന്നും പറയുന്നതാണ് കുറിപ്പ്. സിഗ്നേച്ചര്‍ പാലത്തില്‍ നിന്ന് ചാടാന്‍ ഉദ്ദേശച്ചിരുന്നതായും കുറിപ്പില്‍ സൂചനയുണ്ട്. പാലത്തില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ടതായും പിന്നീട് കാണാതായതായും ദൃക്സാക്ഷികള്‍ പറയുന്നു.
സുഹൃത്തായ പിറ്റുനിയയോടൊപ്പം സരായ് രോഹില്ല റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമന്ന് സ്നേഹ അമ്മയോട് പറഞ്ഞിരുന്നു. രാവിലെ 5.56 നാണ് സ്നേഹ അവസാനമായി ഫോണ്‍ ചെയ്തത്. 8.45 ഓടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. എന്നാല്‍ ഈ സുഹൃത്ത് അന്ന് സ്നേഹയെ കണ്ടിട്ടില്ലെന്ന് അറിയിച്ചതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെയാണ് സ്്നേഹ സിഗ്നേച്ചര്‍ പാലത്തിലേക്കാണ് പോയത് എന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. സിഗ്നേച്ചര്‍ പാലത്തിന്റെ പരിസരപ്രദേശങ്ങളില്‍ സ്നേഹയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നതും തിരിച്ചടിയായി. എന്നാല്‍ സിസിടിവി ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്ത പ്രദേശത്ത് പെണ്‍കുട്ടി എത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. അതേ സമയം വിദ്യാര്‍ത്ഥിനി ഏറെ നാളായി അസ്വസ്ഥയായിരുന്നുവെന്ന് സൂഹൃത്തുക്കള്‍ പറഞ്ഞു.