പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയത്.
അതേസമയം നിപ ബാധിച്ച് മരിച്ച 57കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. 46 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. മുഴുവന്‍ പേരോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെയായിരുന്നു പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശി നിപ ബാധിച്ച് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലിക്കെ മരിക്കുകയായിരുന്നു.
നിപ ജാഗ്രതാ നിര്‍ദേശം ഇന്നലെ പിന്‍വലിച്ചിരുന്നു. ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ വീണ്ടും സംസ്ഥാനത്ത് ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. അടുത്ത സമയങ്ങളിലായി നിപ്പ ബാധിച്ചവരുടെ എണ്ണം കൂടുകയാണ്. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 543 പേരാണ് ഉള്ളത്. അതില്‍ 46 പേര്‍ പുതിയ കേസിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം ജില്ലയില്‍ 208 പേരും പാലക്കാട് 219 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണം.