JIFRI THANGAL| സ്‌കൂള്‍ സമയമാറ്റം: മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം; വാശി പിടിക്കേണ്ടെന്ന് ജിഫ്രി തങ്ങള്‍

Jaihind News Bureau
Saturday, July 12, 2025

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിക്ക് വാശി പാടില്ല. സമുദായങ്ങളുടെ വോട്ട് വാങ്ങിയത് ഓര്‍ക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആലോചിച്ച് മറുപടി പറയാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടത്. ആളുകള്‍ ഉറങ്ങുന്ന സമയത്ത് മദ്രസ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്. മുഖ്യമന്ത്രിയാണ് വിഷയത്തില്‍ ഇടപെടേണ്ടത് എന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

‘എല്ലാ സമുദായങ്ങളുടെയും പ്രശ്‌നം പരിഹരിക്കണം. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഞങ്ങളാണ് പറയേണ്ടത്. അതില്‍ വേറെ സമുദായം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിഷയമല്ല. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെടണം’-തങ്ങള്‍ പറഞ്ഞു. ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ നിര്‍ത്തിവെക്കും. മുസ്ലീം സമുദായം ഉന്നയിച്ച ആവശ്യം പരഗണിക്കേണ്ടതായിരുന്നു. ചര്‍ച്ചക്ക് മുന്‍കൈ എടുക്കാന്‍ വൈക്കിയെന്ന് പരാതിയുണ്ട്. ചര്‍ച്ചയുടെ സമയം വിദ്യാഭ്യാസ മന്ത്രി അറിയിക്കട്ടെയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.