IDUKKI HARTAL| ദേശീയപാത 85-ലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ഹൈക്കോടതി ഉത്തരവ്: ഇടുക്കിയില്‍ 3 പഞ്ചായത്തുകളില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു

Jaihind News Bureau
Saturday, July 12, 2025

 

ദേശീയപാത 85-ലെ നേര്യമംഗലം മുതല്‍ വാളറ വരെയുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച് ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലാണ് യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വ്വീസുകളെ മാത്രം ഹര്‍ത്താലില്‍ നിന്നൊഴിവാക്കി. വാഹനങ്ങള്‍ നിരത്തിലിറക്കാതെയും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് പ്രതിഷേധക്കാര്‍ അഭ്യര്‍ത്ഥിച്ചു.

നേര്യമംഗലം മുതല്‍ വാളറ വരെ ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയപാത നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. റിസര്‍വ് ഫോറസ്റ്റില്‍ നിന്ന് മരംമുറിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കി. ദേശീയ പണിമുടക്ക് ദിവസം മാത്രം 250-ലേറെ മരങ്ങള്‍ അനുമതിയില്ലാതെ അതോറിറ്റി മുറിച്ചെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു. മരങ്ങള്‍ മുറിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.