കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍. പദവി ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ച് മിനി കാപ്പന്‍ വി സിക്ക് കത്ത് നല്‍കി. കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നും ഒഴിവാക്കണമെന്നും മിനി കത്തില്‍ പറയുന്നു. വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും മിനി കാപ്പന്‍ വി സിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പദവി ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചാണ് വിസിക്ക് കത്ത് നല്‍കിയിരിക്കുന്നത്. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്‍കി വി സി ഉത്തരവ് ഇറക്കിയിരുന്നു. കേരള സര്‍വകലാശാലയിലെ തുടരുന്ന വിവാദങ്ങള്‍ക്കിടയില്‍ ആദ്യമായാണ് മിനി കാപ്പന്‍ പ്രതികരിച്ചിരിക്കുന്നത്. വി സി മിനി കാപ്പനെ രജിസ്ട്രാറാക്കിയതിന് പിന്നാലെ അച്ചടക്ക നടപടിയുണ്ടാകുമെന്നടക്കം സിന്‍ഡിക്കേറ്റ് പ്രതികരിച്ചിരുന്നു.
അതേസമയം രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിനെതിരെ വി സി രാജ്ഭവനെ സമീപിച്ചിട്ടുണ്ട്. തന്റെ നിര്‍ദേശം മറികടന്ന് അനധികൃതമായാണ് കെ എസ് അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ എത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വി സി രാജ്ഭവന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അനില്‍ കുമാര്‍ അയച്ച ഫയലുകള്‍ വി സി തിരിച്ചയച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കിക്കൊണ്ട് നൂറുകണക്കിന് ഫയലുകളാണ് സര്‍വകലാശാലയില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്.