CPM| ‘സജി ചെറിയാന്‍റെ പ്രസ്താവന അനാവശ്യം’; മന്ത്രിയെ തള്ളി സിപിഎം

Jaihind News Bureau
Friday, July 11, 2025

 

മന്ത്രി സജി ചെറിയാനെ തള്ളി സിപിഎം. സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പ്രസ്താവനയോട് വിയോജിപ്പ് വ്യക്തമാക്കിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നെങ്കില്‍ താന്‍ മരിച്ചു പോയേനെ എന്നായിരുന്നു മന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയെ ഇകഴ്ത്തി പറഞ്ഞ മന്ത്രിയെയാണ് ഇപ്പോള്‍ പരസ്യമായി പാര്‍ട്ടി തന്നെ തള്ളി പറയുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മരുന്ന് പ്രതിസന്ധിയും കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ച സംഭവവും ഒക്കെയായി സര്‍ക്കാര്‍ പ്രതിസന്ധിയിലായി നില്‍ക്കുമ്പോഴായിരുന്നു പൊതുജനാരോഗ്യ രംഗത്തെ ഇകഴ്ത്തിയ സജി ചെറിയാന്റെ വിവാദ പ്രസ്താവന. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയില്ലെങ്കില്‍ താന്‍ മരിച്ചുപോകുമായിരുന്നു എന്ന പരാമര്‍ശം സര്‍ക്കാരിന് കനത്ത ക്ഷീണമാണ് ഉണ്ടാക്കിയത്. എന്നാല്‍, മന്ത്രിയുടെ പ്രസ്താവനയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തന്നെ പരസ്യമായി തള്ളിയിരിക്കുകയാണ്.

സജി ചെറിയാന്റെ പ്രസ്താവന അനാവശ്യവുമായിരുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരിക്കുന്നത്. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ സജി ചെറിയാന്‍ പങ്കെടുത്തിരുന്നില്ല. എങ്കിലും മന്ത്രിയുടെ പ്രസ്താവനയെ പാര്‍ട്ടി തള്ളുന്ന നിലപാടാണ് എടുത്തിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ വിയോജിപ്പ് സംസ്ഥാന നേതൃത്വം തന്നെ സജി ചെറിയാനെ അറിയിച്ചിട്ടുമുണ്ട്. എന്തായാലും, പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരോഗ്യ രംഗം താറുമാറാണെന്ന് ശരി വയ്ക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ടാവുമ്പോള്‍ ‘ആരോഗ്യകേരളം നമ്പര്‍ വണ്‍’ എന്ന സ്ഥിരം ശൈലി ഇനിയെങ്കിലും മാറ്റിയാല്‍ നന്ന്.