വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് പന്താടി സംസ്ഥാന സര്‍ക്കാരും, വിദ്യാഭ്യാസ വകുപ്പും. കീം പ്രവേശന പരീക്ഷയില്‍ പുതിയ മാര്‍ക്ക് ഏകീകരണ രീതി കൊണ്ടു വന്നത് സംബന്ധിച്ച് മന്ത്രിസഭയിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അതിനിടെ കീം പ്രവേശനത്തിന്റെ ഓപ്ഷന്‍ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നോ നാളയോ പുറത്തിറങ്ങും. സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചു വെച്ച് മാധ്യമങ്ങളെ പഴിക്കാനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇന്ന് ശ്രമിച്ചത്.
കീം പ്രവേശന പരീക്ഷയില്‍ പുതിയ മാര്‍ക്ക് ഏകീകരണ രീതി കൊണ്ടു വന്നത് സംബന്ധിച്ച് മന്ത്രിസഭയിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ഇത്ര തിരക്കിട്ട് ഇതു വേണോ എന്ന് ചില മന്ത്രിമാര്‍ മുപ്പതാം തീയതി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍ പൊതുതാല്‍പര്യം പരിഗണിച്ച് നടപ്പാക്കുന്നു എന്നായിരുന്നു ഉത്തതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന്റെ മറുപടി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ധൃതിയും പരിഷ്‌ക്കരണം കൊണ്ടുവരാനുള്ള അമിതാവേശവുമാണ് കീം റാങ്ക് പട്ടികയില്‍ തിരിച്ചടിയായത് എന്ന് ചുരുക്കം. 30 ന് ചേര്‍ന്ന മന്ത്രിസഭയാണ് പുതിയ മാര്‍ക്ക് ഏകീകരണ ഫോര്‍മുല അംഗീകരിച്ചത്. ചാടിപ്പിടിച്ച് ഇതെല്ലാം നടപ്പാക്കിയതാണ് തിരിച്ചടിയായതും റാങ്ക് പട്ടിക കോടതി റദ്ദാക്കിയതും. വിദഗ്ധ സമിതി പോലും തിടുക്കത്തില്‍ പുതിയ രീതി നടപ്പാക്കരുതെന്ന് പറഞ്ഞത് മന്ത്രിയും വകുപ്പും ചെവിക്കൊണ്ടില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റെയും പിടിപ്പു കേട് സംഭവിച്ച കാര്യത്തില്‍ മാധ്യമങ്ങളെ പഴി പറയുകയാണ് മന്ത്രി ആര്‍ ബിന്ദു. വിദഗ്ധസമിതി ശുപാര്‍ശ അവഗണിച്ചതെന്തിനെന്ന് ചോദ്യത്തിനായിരുന്നു മന്ത്രി മാധ്യമങ്ങളോടു ക്ഷോഭിച്ചത്.
ഇന്നലെ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ സംസ്ഥാന സിലബസ് പഠിച്ചവര്‍ പിന്നോട്ടുപോയി. ആദ്യ 100 റാങ്കില്‍ വെറും 21 പേര്‍ മാത്രമാണ് സംസ്ഥാന സിലബസില്‍ പഠിച്ചവര്‍. ഒന്നാം റാങ്കുപോലും മാറി മറിഞ്ഞു. സ്വാഭാവികമായും സംസ്ഥാന സിലബസില്‍ പഠിച്ച് വന്നവര്‍ നിരാശയിലാണ്. പരാതിയുമായി ഇവര്‍ കോടതിയെ സമീപിച്ചാല്‍ പ്രവേശന പ്രക്രിയ വീണ്ടും താളം തെറ്റും. പുതിയ റാങ്ക് ലിസ്റ്റിനെതിരെ സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കാനും സാധ്യതയേറെയാണ്.