കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ ഇരുമ്പ് കമ്പി തലയില്‍ വീണ് യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്. നീരാവില്‍ സ്വദേശി സുധീഷിനും വട്ടിയൂര്‍ക്കാവ് സ്വദേശിനി ആശയ്ക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്.
രാവിലെ ചെന്നൈ മെയിലില്‍ വന്ന് റെയില്‍വേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു യാത്രക്കാര്‍. അതിനിടയില്‍ നാല് നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് നീളമുള്ള കമ്പി താഴേക്ക് വീഴുകയായിരുന്നു. യാത്രക്കാരുടെ നിലവിളി കേട്ട പാര്‍ക്കിങ് ഏരിയയിലെ ഓട്ടോ ഡ്രൈവര്‍മാരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.
മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ നടത്താതെ അലക്ഷ്യമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് അപകടത്തിനിടയാക്കിയത്. നൂറുകണക്കിന് യാത്രക്കാര്‍ വന്നു പോകുന്ന റെയില്‍വേ സ്റ്റേഷനില്‍ മതിയായ ക്രമീകരണങ്ങള്‍ ചെയ്യാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനം തുടരുന്നത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് വലിയ കമ്പിയാണ് യാത്രക്കാരുടെ തലയിലേക്ക് പതിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.