കേരളത്തിലെ കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്ര പദ്ധതിയായ പി എം കുസും പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. വൈദ്യുതി മന്ത്രിയും അനര്‍ട്ടും പദ്ധതിയെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയിരിക്കുന്നുവെന്നും 240 കോടി രൂപയുടെ പദ്ധതിയില്‍ നൂറുകോടിയില്‍പ്പരം രൂപയുടെ അഴിമതിയെന്നും ചെന്നിത്തല ആരോപിച്ചു.
പകല്‍ കൊള്ളയാണ് നടന്നത്. അഞ്ചു കോടി രൂപയുടെ ടെന്‍ഡര്‍ വിളിക്കാന്‍ അധികാരമുള്ള അനര്‍ട്ട് സിഇഒ 240 കോടിയുടെ ടെന്‍ഡര്‍ വിളിച്ചു. അനര്‍ട്ട് സിഇഒ നിയമനത്തില്‍ തന്നെ കള്ള കളിയുണ്ട്. നിയമസഭാ സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കണം. ടെന്‍ഡറിലും നിരക്ക് നിശ്ചയിച്ചതിലും ദുരൂഹതയുണ്ട്. വൈദ്യുതി മന്ത്രി സമഗ്രമായ അന്വേഷണത്തിന് തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതിന്റെ പിന്നില്‍ മന്ത്രിയുടെ കരങ്ങളുണ്ട്. മന്ത്രി പൂച്ച പാലുകുടിക്കുന്ന പോലെ ഇരിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ എല്ലാ അഴിമതിക്ക് പിന്നിലും മന്ത്രിയാണ്. അനര്‍ട്ടില്‍ വന്‍തോതില്‍ ഉള്ള അഴിമതികള്‍ നടക്കുന്നു. സര്‍ക്കാരിന്റെ അഴിമതിയുടെ മറ്റൊരു മുഖമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും വ്യക്തമായ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിയുടെ രേഖകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു.