KARANAVAR MURDER CASE| ഗവര്‍ണര്‍ അനുമതി നല്‍കി; ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയാകുന്നു

Jaihind News Bureau
Friday, July 11, 2025

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ഉടന്‍ ജയില്‍ മോചിതയാകും. മന്ത്രിസഭാ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് ഷെറിന് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കുകയായിരുന്നു. ജീവപര്യന്തം തടവിന്റെ ഏറ്റവും കുറഞ്ഞ കാലമായ 14 വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഷെറിന്‍ സ്വതന്ത്രയാകുന്നത്.ഷെറിന്‍ അടക്കം 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്.

നേരത്തേ ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, ഇവര്‍ക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്തുവന്നതും സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്നം സൃഷ്ടിച്ചതും തിരിച്ചടിയായി.ഇതേത്തുടര്‍ന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോം രാജ് ഭവന്‍ ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ ചെയ്യുകയായിരുന്നു.

2009 നവംബര്‍ എട്ടിനാണ് ചെറിയനാട് കാരണവേഴ്സ് വില്ലയിലെ ഭാസ്‌കര കാരണവരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനായിരുന്നു കേസിലെ ഒന്നാംപ്രതി. ഷെറിന്റെ ആണ്‍സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശ്ശേരി സ്വദേശി നിഥിന്‍, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ മറ്റുപ്രതികള്‍. ഭാസ്‌കര കാരണവരുടെ സ്വത്തില്‍ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവര്‍ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.