HARYANA| അക്കാദമി നടത്തുന്നതിനെ ചൊല്ലി തര്‍ക്കം: ഹരിയാനയില്‍ പിതാവിന്റെ വെടിയേറ്റ് ടെന്നീസ് താരം കൊല്ലപ്പെട്ടു

Jaihind News Bureau
Friday, July 11, 2025

ഹരിയാനയിലെ ഗുഡ്ഗാവില്‍ പിതാവിന്റെ വെടിയേറ്റ് ടെന്നീസ് താരം കൊല്ലപ്പെട്ടു. 25 കാരിയയ രാധിക യാദവ് ആണ് വ്യാഴാഴ്ച ഉച്ചയോടെ കൊല്ലപ്പെട്ടത്. ഗുഡ്ഗാവിലെ വസതിയില്‍ വെച്ചാണ് രാധികയ്ക്ക് വെടിയേറ്റതെന്ന് പൊലീസ് അറിയിച്ചു.

പിതാവ് ദീപക് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ അഞ്ചുതവണ വെടിയുതിര്‍ത്തതായും മൂന്നെണ്ണം രാധികയുടെ ശരീരത്തില്‍ പതിച്ചതായും പൊലീസ് പറഞ്ഞു. പ്രാഥമിക ചോദ്യം ചെയ്യലില്‍, രാധിക ഒരു ടെന്നീസ് അക്കാദമി നടത്തിയിരുന്നതായും, ഇതില്‍ പിതാവിന് എതിര്‍പ്പുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ദീപക് മകളെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

അക്കാദമി നടത്തരുതെന്ന് പിതാവ് പലതവണ യുവതിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവ സമയം മറ്റു കുടുംബാംഗങ്ങളാരും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. വെടിയൊച്ച കേട്ട് എത്തിയവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

ദേശീയ, അന്തര്‍ദേശീയ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടുള്ള രാധിക നിരവധി മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ (എഐടിഎ) റെക്കോര്‍ഡുകള്‍ പ്രകാരം, ഗേള്‍സ് അണ്ടര്‍ 18-ല്‍ 75 ഉം, വനിതാ ഡബിള്‍സില്‍ 53 ഉം, വനിതാ സിംഗിള്‍സില്‍ 35 ഉം റാങ്കുകളിലാണ്. ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ (ഐടിഎഫ്) സര്‍ക്യൂട്ടില്‍ സജീവമായിരുന്ന രാധികയ്ക്ക് 113-ാം റാങ്ക് ഉണ്ട്.