HIMACAHAL RAIN| ഹിമാചലില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 85 മരണം; ആറ് ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്

Jaihind News Bureau
Friday, July 11, 2025

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 85 മരണം. 34 പേരെ കാണാതായതായും 129 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മിന്നല്‍ പ്രളയ മുന്നറിയിപ്പും നല്‍കി.

മാണ്ഡി ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. പൂര്‍ണമായും തകര്‍ന്ന 404 വീടുകളില്‍ 397 എണ്ണവും ഭാഗികമായി തകര്‍ന്ന 751 വീടുകളില്‍ 719 എണ്ണവും മാണ്ഡിയിലാണ്. പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കുളു, മാണ്ഡി, ചമ്പ ജില്ലകളിലായി 10 പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇവ പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു.

അതേസമയം, കിഴക്കന്‍ മധ്യപ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി വടക്കന്‍, മധ്യ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ വളരെ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഛത്തീസ്ഗഢ്, തീരദേശ കര്‍ണാടക, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യ മഹാരാഷ്ട്ര, മിസോറാം, ത്രിപുര, ഒഡീഷ, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, വിദര്‍ഭ, പശ്ചിമ മധ്യപ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ മധ്യഭാഗങ്ങളില്‍ വരും ദിവസങ്ങളിലും കാലവര്‍ഷം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.