കേരളത്തിലെ എന്‍ജിനീയറിങ് – ഫാര്‍മസി പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്ക് സ്റ്റേയില്ല. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാ്ക്കിയതോടെ സര്‍ക്കാര്‍ നിലപാടിന് വന്‍ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് അവസാനനിമിഷം കൊണ്ടുവന്ന സമവാക്യത്തിലെ മാറ്റമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയത്.
കീം റാങ്ക് ലിസ്റ്റ് പുറത്തിറക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പു മാത്രമാണ് പ്രോസ്പെക്ടസില്‍ മാറ്റം വരുത്തിയത് എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത് കോടതി ശരിവച്ചു. പ്രോസ്പെക്ടസില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് പ്രസിദ്ധീകരിച്ചത് അനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കാനാണ് സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഓഗസ്റ്റ് 14നു മുന്‍പ് അഡ്മിഷന് കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല.
ഹൈക്കോടതി ഉത്തരവിനെതിരേ സു്പ്രീംകോടതിയെ സമീപിക്കുകയാണ് നിയമപരമായി സര്‍ക്കാരിനു മുമ്പാകെയുള്ള ഏകമാര്‍ഗ്ഗം. അരലക്ഷത്തോളം സീറ്റുകളിലേയ്ക്കാണ് അഡ്മിഷന് നടത്താനുള്ളത്. കേരള സംസ്ഥാന സിലബസ്, സിബിഎസ് ഇ, ഐഎസ് സി തുടങ്ങിയ വിവിധ സിലബസുകള്‍ ഏകീകരിക്കുന്നതിനുള്ള ഫോര്‍മുലയാണ് വിവാദമായത്. അവസാന നിമിഷം പ്രോസ്പെക്ടസില്‍ വരുത്തിയ മാറ്റം നിയമവിരുദ്ധമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നില്ലെങ്കില്‍ പ്രോസ്പെക്ടസില്‍ ആദ്യം പ്രഖ്യാപിച്ച മാതൃകയില്‍ പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കേണ്ടിവരും. അതായത് എല്ലാ നടപടികളും ആ്ദ്യം മുതല്‍ നടത്തണം.