കീം പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ വീഴ്ച്ചയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നുവെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും പ്രോസ്‌പെക്ട്‌സ് അവസാന നിമിഷം തിരുത്തുമോയെന്നും അദ്ദേഹം ചോദിച്ചു.
എന്‍ട്രന്‍സ് കമ്മീഷണറേറ്റിലും ഉന്നത വിദ്യാഭ്യാസ വകുപ്പിലും ഒരു ചിന്തയുമില്ലാതെ കാര്യങ്ങള്‍ ചെയ്ത് കുട്ടികളുടെ ഭാവി അവതാളത്തിലാക്കുന്നു. സര്‍വ്വകലാശാലകളിലെ സംഘര്‍ഷം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പുകളെ തകര്‍ക്കുന്നുവെന്നും നിസാരമായ ഒരു പ്രശ്‌നം പരിഹരിക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അതേസമയം മുഖ്യമന്ത്രി ചാന്‍സലറായ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയിലും കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസി തന്നെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നടത്തുന്ന ഗ്രഫീന്‍ അറോറ എന്ന പദ്ധതിയുടെ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞതിനുശേഷമാണ് ഒരു പുതിയ കമ്പനി രൂപീകരിക്കുന്നത്.
ഉത്തരവ് ഇറങ്ങിക്കഴിഞ്ഞശേഷം ഉണ്ടാക്കിയ കമ്പനിക്കു കരാര്‍ കൊടുക്കുകയും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് അഡ്വാന്‍സ് കൊടുക്കുകയും ചെയ്യുകയാണ്. വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ടാണിത്. അധ്യാപകര്‍ സ്വന്തമായി കമ്പനിയുണ്ടാക്കി പ്രോജക്ട് ഉണ്ടാക്കുകയാണ്. ഡിജിറ്റല്‍ സര്‍വകലാശാലയുടെ സ്ഥലം മുഴുവന്‍ ദുരുപയോഗം ചെയ്തുകൊണ്ട് പണം ഉണ്ടാക്കുകയാണ് കുറേയാളുകള്‍. ഗ്രഫീന്‍ എഞ്ചിനീയറിങ് ആന്റ് ഇന്നവേഷന്‍ എന്ന കമ്പനിക്കാണ് പ്രോജക്ട് നടപ്പാക്കാന്‍ കരാര്‍ കൊടുത്തിരിക്കുന്നത്. ഇതിനു പിന്നില്‍ ആരൊക്കെയാണെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ചാല്‍ മനസ്സിലാകും. ഇതൊന്നും വെറുതെ കൊടുത്തതല്ല. വേണ്ടപ്പെട്ട ആളുകളൊക്കെ ആ കമ്പനിയിലുണ്ടെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.