ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ലോര്‍ഡ്സില്‍ തുടക്കം. വൈകുന്നേരം മൂന്നരക്കാണ് മത്സരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഒരോ ടെസ്റ്റ് വീതം ജയിച്ച് ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. എഡ്ജ്ബാസ്റ്റണില് ചരിത്രവിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ 336 റണ്‍സിനായിരുന്നു രണ്ടാം ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കിയത്.
ലീഡ്സിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്താണ് ആന്ഡേഴ്സന്- ടെണ്ടുല്‍ക്കര്‍ ട്രോഫിയില്‍ ഇംഗ്ലണ്ടിന്റെ തുടക്കം. അഞ്ചു വിക്കറ്റിന്റെ വിജയമാണ് അവര്‍ സ്വന്തമാക്കിയത്. എന്നാല്‍ എഡ്ജ്ബാസ്റ്റണില് രണ്ടാം ടെസ്റ്റിനിറങ്ങിയ ഇംഗ്ലണ്ടിനെ ശുഭ്മാന്‍ ഗില്ലും സംഘവും അക്ഷരാര്‍ഥത്തില്‍ തരിപ്പണമാക്കുകയായിരുന്നു. ടോസിന്റെ ആനുകൂല്യവും പിച്ചിന്റെ പിന്തുണയും മുതലാക്കാനിറങ്ങിയ ബെന്‍ സ്റ്റോക്സിനെയും സംഘത്തെയും അതേനാണയത്തില്‍ ഇന്ത്യ തിരിച്ചടിച്ചു.
കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു എന്നതാണ് ഇന്ത്യന്‍ നിരയിലെ പ്രത്യേകത. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ മുഹമ്മദ് സിറാജും ആകാശ് ദീപും സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ബുംറ എത്തുമ്പോള്‍ പ്രസിദ്ധ് കൃഷ്ണയ്ക്കാകും സ്ഥാനം നഷ്ടമാകുക. ലോര്‍ഡ്സില്‍ പേസും ബൗണ്‍സുമുള്ള പിച്ച് ആണ് പ്രതീക്ഷിക്കുന്നത്. ഇവിടെ ബുമ്രയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാവും. കരുണ്‍ നായര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ സെലക്ഷനെ സംബന്ധിച്ചാണ് പ്രധാനമായും ആശയക്കുഴപ്പമുള്ളത്. ഫ്ളാറ്റ് എന്ന് വിലയിരുത്തപ്പെട്ട ആദ്യ രണ്ട് ടെസ്റ്റിലെ പിച്ചിലും കരുണ്‍ നായര്‍ ബാറ്റിങ്ങില്‍ പൂര്‍ണമായും നിരാശപ്പെടുത്തിയിരുന്നു. കരുണ്‍ നായറിന് പകരം സായ് സുദര്ശന്, ധ്രുവ് ജുറെല്‍, അഭിമന്യു ഈശ്വരന് എന്നിവരില്‍ ആരെങ്കിലും ലോര്‍ഡ്സില്‍ പ്ലേയിങ് ഇലവനിലേക്ക് വരുമോ എന്നതാണ് പ്രധാന ചോദ്യം. അതേസമയം ടീമില്‍ വമ്പന്‍ മാറ്റവുമായാണ് ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഫ്ര ആര്‍ച്ചര്‍ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തും. 2021 ഫെബ്രുവരിക്ക് ശേഷം ആര്‍ച്ചര്‍ കളിക്കാന്‍ പോകുന്ന ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്.
രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മികച്ച ഗ്രൗണ്ടാണ് ലോര്‍ഡ്സിലേത്. ജൂണിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലടക്കം ലോര്‍ഡ്സിലെ കഴിഞ്ഞ 9 മത്സരങ്ങളില്‍ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. അതുകൊണ്ട് ഇന്ന് ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുത്തേക്കും. 2021 ലാണ് ഇരു ടീമുകളും അവസാനമായി ഇവിടെ ഏറ്റുമുട്ടിയത്. അന്ന് 151 റണ്‍സിന്റെ ഉജ്വല വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ 4 വര്‍ഷത്തിനിടെ ലോര്‍ഡ്സില്‍ 8 മത്സരങ്ങള്‍ കളിച്ച ഇംഗ്ലണ്ടിന് 4 വീതം ജയവും തോല്‍വിയുമായിരുന്നു ഫലം.