കാനഡയില്‍ പരീക്ഷണ പറക്കലിനിടെ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. കൊച്ചി സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് മരിച്ചത്. ശ്രീഹരി പരിശീലനം ആരംഭിച്ച് ഏതാനും മാസങ്ങള്‍ പൂര്‍ത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. 2023 ലാണ് പഠനത്തിനായി യുവാവ് കാനഡയിലെത്തിയത്.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഹാനോവറിലെ റൂറല്‍ മുനിസിപ്പാലിറ്റിയിലായിരുന്നു വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ട് ചെറിയ, ഒറ്റ എഞ്ചിന്‍ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഇരു വിമാനങ്ങളിലെയും രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്ത് മരിച്ചതായി ആര്‍സിഎംപി അറിയിച്ചു. രണ്ട് വിമാനങ്ങളിലും യാത്രക്കാരില്ലായിരുന്നു.
ആര്‍സിഎംപി, അഗ്‌നിശമന സേന, എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസുകള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ തിരച്ചിലില്‍ സംഭവസ്ഥലത്ത് നിന്നും വിമാനവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടത്തിന് പിന്നാലെ ഹാര്‍വ്സ് എയറിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അന്വേഷണം പുരോഗമിക്കുന്നു.