‘സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥന് എന്തിന് ലീവ്?’: അവധിക്കപേക്ഷിച്ച രജിസ്ട്രാറോട് വി സി

Jaihind News Bureau
Thursday, July 10, 2025

കേരള സര്‍വ്വകലാശാലയിലെ തുറന്ന അധികാര പോരും പ്രതിഷേധങ്ങളും തുടരുന്നു. അവധിക്ക് അപേക്ഷ നല്‍കിയ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിനോട് സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥന് എന്തിന് അവധി എന്ന ചോദ്യമാണ് വൈസ് ചാന്‍സിലര്‍ ഉയര്‍ത്തിയിരിക്കുന്നത്. തന്റെ സസ്‌പെന്‍ഷന്‍ സിഡിക്കേറ്റ് റദ്ദാക്കിയെന്ന് രജിസ്ട്രാറും വി സി യെ അറിയിച്ചു.

തനിക്ക് ശാരീരികാസ്വസ്ഥതയും രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റകുറച്ചിലും ഉള്ളതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ജൂലൈ ഒമ്പത് മുതല്‍ കുറച്ചു ദിവസത്തെ അവധി വേണമെന്നാണ് വിസിക്ക് മെയിലില്‍ അയച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അഭാവത്തില്‍ രജിസ്ട്രാറുടെ ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ക്കോ നല്‍കണമെന്നും അവധി അപേക്ഷയില്‍ പറയുന്നു. വിദേശപര്യടനം കഴിഞ്ഞ് ബുധനാഴ്ച ചുമതലയേറ്റെടുത്ത വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേലിനാണ് അവധി അപേക്ഷ നല്‍കിയത്. എന്നാല്‍, സസ്പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന്റെ അവധി അപേക്ഷയ്ക്ക് എന്തുപ്രസക്തി എന്ന് രേഖപ്പെടുത്തി വിസി ലീവ് അപേക്ഷ നിരസിച്ചു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തിന് തുടര്‍ച്ചയായാണ് രജിസ്ട്രാറെ വിസി സസ്പെന്‍ഡ് ചെയ്തത്. കെ എസ് അനില്‍കുമാര്‍ ഓഫീസില്‍ കയറരുതെന്നും ഔദ്യോഗിക ചുമതലകള്‍ വഹിക്കരുതെന്നും കഴിഞ്ഞദിവസം വി സി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവധി അപേക്ഷ നിരസിച്ചത്.