ന്യൂഡല്‍ഹി : ആവശ്യമായ സ്ഥാനങ്ങളില്‍ ഉടന്‍ പുനഃസംഘടന ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി എന്നിവരുമായി ഡല്‍ഹിയിലെ ഇന്ദിരാഭവനില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ്, രാഷ്ട്രീയകാര്യ സമിതി,മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച ചെയ്തശേഷം ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
വര്‍ക്കിങ് പ്രസിഡന്റ് പി സി വിഷ്ണുനാഥും യോഗത്തില്‍ പങ്കെടുത്തു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ സെക്രട്ടറിമാരെ മാറ്റേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരമെന്നും ഈ മാസം 18 ന് പുതുപ്പള്ളിയില്‍ നടക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായും സണ്ണി ജോസഫ് പറഞ്ഞു.