K Sudhakaran| വ്ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനം: ആഭ്യന്തര സുരക്ഷാഭീഷണിയെന്ന് കെ സുധാകരന്‍ എംപി

Jaihind News Bureau
Wednesday, July 9, 2025

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ വ്ലോഗര്‍ ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനം സംസ്ഥാനത്ത് ആഭ്യന്തര സുരക്ഷാഭീഷണി ഉയര്‍ത്തുന്നതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ സുധാകരന്‍ എംപി.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, ഷോപ്പിങ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങി തന്ത്ര പ്രധാന മേഖലകള്‍ സന്ദര്‍ശിച്ച് ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി.തൃശൂര്‍ കുത്താമ്പുള്ളി നെയ്ത്തു ഗ്രാമം, കണ്ണൂരിലെയും, കോഴിക്കോട്ടേയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അതിരപ്പിള്ളി എന്നിവിടങ്ങളിലും എത്തി. ഇരവികുളം ദേശീയ ഉദ്യാനം, തേക്കടി, കോവളം, വര്‍ക്കല, ജഡായു പാറ ,തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ആളുകള്‍ കൂട്ടമായി എത്തുന്ന എല്ലാ സ്ഥലങ്ങളിലും പാക്ക് ചാരവനിതയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ഇത് അതീവ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുന്നതാണ്.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു വ്യക്തിയെ തിരിച്ചറിയുന്നതിനും സുരക്ഷ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ആഭ്യന്തര ഇന്റലിജന്‍സ് വിഭാഗം എത്രത്തോളം പരാജയമാണ് എന്നതിന്റെ കൂടി നേര്‍ സാക്ഷ്യം കൂടിയാണ് പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ വ്യക്തിയുടെ രാജ്യം മുഴുവനും ഉള്ള സ്വതന്ത്ര സഞ്ചാരം.

ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ്.താമസം, ഭക്ഷണം യാത്ര എന്നിവ ഒരുക്കിയതും ടൂറിസം വകുപ്പ് തന്നെ.ഇവര്‍ക്ക് എത്ര തുക നല്‍കി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ടൂറിസം വകുപ്പ് തയ്യാറായിട്ടില്ല.അതുകൊണ്ട് ഈ വിഷയത്തെ ലഘൂകരിക്കുന്ന ടൂറിസം മന്ത്രിയുടെ പ്രതികരണം ഉചിതമല്ല. ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയും പാക് ചാരയായ വിവാദ വ്ലോഗറുടെ പേരിലേക്ക് എത്താന്‍ ഉണ്ടായ സാഹചര്യം കേരള പൊതു സമൂഹത്തോട് വിശദീകരിക്കാന്‍ ടൂറിസം മന്ത്രി തയ്യാറാകണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനോടൊപ്പം വന്ദേ ഭാരത ട്രെയിനില്‍ ഈ വിവാദ വ്ലോഗര്‍ യാത്ര ചെയ്തിരുന്നതായി പുറത്തുവരുന്ന ദൃശ്യങ്ങളുടെ മനസ്സിലാക്കാന്‍ കഴിയുന്നു. വന്ദേ ഭാരത് ട്രെയിന്റെ ഉദ്ഘാടന പാസുകള്‍ ബിജെപി ഓഫീസില്‍ നിന്ന് വിതരണം ചെയ്ത ഗുരുതരമായ ആക്ഷേപവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജ്യോതിയുടെ വിദേശയാത്രകള്‍ക്കു ഉള്‍പ്പെടെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം . ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും വിവാദ വ്ലോഗര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാക്ക് ചാരയായ ജ്യോതി മല്‍ഹോത്രയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നേതൃത്വത്തില്‍ ഉണ്ടായിട്ടുണ്ടോയെന്നും വിശദമായി പരിശോധിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.