JANAKI VS STATE OF KERALA| ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള: ‘രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രദര്‍ശനാനുമതി നല്‍കാം’; നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്

Jaihind News Bureau
Wednesday, July 9, 2025

വിവാദ സുരേഷ് ഗോപി ചിത്രം ജെഎസ്‌കെ-ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദര്‍ശനത്തില്‍ നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്. രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രദര്‍ശനാനുമതി നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. നേരത്തെ 96 കട്ടുകളും മാറ്റങ്ങളും വേണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. കോടതി രംഗങ്ങളില്‍ ജാനകി ഒഴിവാക്കണം. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കി. ചിത്രത്തന്റെ ടൈറ്റിലില്‍ മാറ്റം വരുത്തണമെന്നം വിസ്താര രംഗത്തില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും സിബിഎഫ്‌സി നിര്‍ദേശിച്ചു.

രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര് , ആ പേര് ഉപയോഗിക്കുന്നതിലൂടെ മനപ്പൂര്‍വ്വം ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും . ക്രോസ് എക്‌സാമിനേഷന്‍ സീനില്‍ പ്രതിഭാഗം അഭിഭാഷകനായ നായകന്‍ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍ ഈ മതവിഭാഗത്തില്‍ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ, പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകന്‍ ചോദിക്കുന്നത് ശരിയല്ലെന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അഭിപ്രായം അറിയിക്കാന്‍ ജസ്റ്റിസ് എന്‍. നഗരേഷ് സിനിമയുടെ നിര്‍മാതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ ഉച്ചയ്ക്ക് ഒന്നേമുക്കാലിന് വിശദമായി വാദം കേള്‍ക്കാം എന്ന് ജസ്റ്റിസ് നഗരേഷ് അറിയിച്ചു.

സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജൂണ്‍ 20 നായിരുന്നു ആദ്യം റിലീസിന് തീരുമാനിച്ചിരുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനങ്ങള്‍ ഏകപക്ഷീയവും അനാവശ്യവുമാണെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു.