സമരമെന്ന പേരില്‍ സര്‍വ്വകലാശാലകളില്‍ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എസ്എഫ്ഐ യുടെ ഗുണ്ടായിസത്തിന് സര്‍ക്കാരും പൊലീസും കൂട്ട് നിന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യ മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന യുഡിഎഫ് പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് തലയ്ക്കടിക്കുന്ന പൊലീസ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ തികഞ്ഞ ഗുണ്ടായിസത്തിന് കുടപിടിക്കുന്നുവെന്നും അദ്ദേഹം ആഞ്ഞടിച്ചു. സിപിഎം നേതാക്കന്മാര് എസ്എഫ്ഐ യെ നിയന്ത്രിക്കണം. അക്കാദമിക് രംഗത്ത് നടക്കുന്ന പ്രശ്നങ്ങള്‍ ഗുരുതരമാണ്. പതിമൂന്ന് സര്‍വ്വകലാശാലകളില്‍ പന്ത്രണ്ടിനും വി സിമാര്‍ ഇല്ല. നിസാര കാര്യത്തിനു വേണ്ടി ഗവര്‍ണറും സര്‍ക്കാരും ഏറ്റുമുട്ടുന്നതിന്റെ പേരില്‍ ബലിയാടാകുന്നത് കേരളത്തിലെ കുട്ടികളാണ്.
സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനു പകരം പാര്‍ട്ടി സെക്രട്ടറി തന്നെ യൂണിവേഴ്സിറ്റിയില്‍ പോയി എസ്എഫഐയുടെ സമരാഭാസത്തിന് പിന്തുണ കൊടുക്കുകയാണ ചെയ്തത്്. ആരോഗ്യ മേഖലയിലെ വീഴ്ചകള്‍ വഴിതിരിച്ചു വിടാനാണ് ഈ പ്രശ്ങ്ങളുണ്ടാക്കിയത്. മന്ത്രിമാര്‍ക്കും സിപിഎം നേതാക്കന്മാര്ക്കും മുതലാളിത്ത സ്വഭാവമാണ്. അതേ സമയം ആശാസമരത്തെയും സമരം ചെയ്യുന്നവരെയും തൊഴിലാളികളെയും സര്‍ക്കാരിന് പുച്ഛമാണ്. എന്നിട്ടാണ് ഈ ആഭാസ സമരം നടത്തുന്നത്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം അലങ്കോലപ്പെടുത്തി ഇരച്ചുകയറിയാണോ സമരം നടത്തുന്നത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന് സര്‍വകലാശാലാ ജീവനക്കാരെ എന്തിനാണ് തല്ലിയത്? ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസമാണ് നടന്നത്. രാജ്ഭവനിലേക്കാണ് സമരം ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.