KOZHIKODE| കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തില്‍ തല കുടുങ്ങി; രണ്ടര വയസുകാരന് രക്ഷകരായി അഗ്നിരക്ഷാ സേനാംഗങ്ങള്‍

Jaihind News Bureau
Wednesday, July 9, 2025

അലൂമിനിയം പാത്രത്തില്‍ തല കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. കോഴിക്കോട് വാഴക്കാട് ചെറുവായൂര്‍ ചോലയില്‍ ജിജിലാല്‍ – അതുല്യ ദമ്പതികളുടെ മകന്‍ അന്‍വിക് ലാലിനെയാണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. കളിക്കുന്നതിനിടെ രണ്ടര വയസുകാരന്റെ തലയില്‍ അലുമിനിയം പാത്രം അബദ്ധത്തില്‍ കുടുങ്ങുകയായിരുന്നു.

വീട്ടുകാര്‍ പാത്രം തലയില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മുക്കം അഗ്‌നിരക്ഷാ നിലയില്‍ കുട്ടിയുമായി നേരിട്ട് എത്തുകയായിരുന്നു. മുക്കം സ്റ്റേഷന്‍ ഓഫീസര്‍മാര്‍ ചേര്‍ന്ന് സൂക്ഷ്മതയോടെ ഇരുപത് മിനിറ്റോളം എടുത്താണ് കുട്ടിയുടെ തല പാത്രത്തില്‍ നിന്നും വേര്‍പ്പെടുത്തിയത്. തല പാത്രത്തില്‍ നിന്നും വേര്‍പ്പെടുത്തിയ ഉടനെ ചുറ്റും യൂണിഫോമിട്ട ജീവനക്കാരെ കണ്ട കുട്ടി ആദ്യമൊന്നമ്പരന്നെങ്കിലും പാത്രത്തില്‍ നിന്ന് തല വേര്‍പ്പെട്ട സന്തോഷത്തില്‍ അച്ചച്ചന്റെ കരങ്ങളിലേക്ക് കയറി.