TRUMP| ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10% അധിക തീരുവ ചുമത്തും: ഭീഷണി ആവര്‍ത്തിച്ച് ട്രംപ്

Jaihind News Bureau
Wednesday, July 9, 2025

ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ഉടന്‍ തന്നെ 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിക്‌സിന്റെ അമേരിക്കന്‍ വിരുദ്ധ നടപടികളോട് ചേര്‍ന്ന് നില്‍ക്കരുതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ വിരുദ്ധ നിലപാടിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് 10% അധിക നികുതി ചുമത്തുമെന്ന് വൈറ്റ് ഹൗസില്‍ നടന്ന ആറാം കാബിനറ്റ് യോഗത്തില്‍ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യുഎഇ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് അമേരിക്കയെ ദ്രോഹിക്കുന്നതിനു വേണ്ടിയാണ് രൂപീകരിച്ചതെന്ന് ട്രംപ് ആരോപിച്ചു. ‘അവര്‍ ബ്രിക്‌സില്‍ ആണെങ്കില്‍ തീര്‍ച്ചയായും 10 ശതമാനം നല്‍കേണ്ടിവരും, കാരണം നമ്മളെ വേദനിപ്പിക്കാനും, നമ്മുടെ ഡോളറിനെ തരംതാഴ്ത്താനും, അത് മാനദണ്ഡമായി മാറ്റാനുമാണ് ബ്രിക്‌സ് സ്ഥാപിച്ചത്. പക്ഷേ അത് കുഴപ്പമില്ല. അവര്‍ക്ക് ആ കളി കളിക്കണമെങ്കില്‍, എനിക്കും ആ കളി കളിക്കാം’ ട്രംപ് പറഞ്ഞു.

‘മറ്റൊരു രാജ്യത്തിന് മാനദണ്ഡമാകാന്‍ വേണ്ടി അവര്‍ ഡോളറിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു മിടുക്കനായ പ്രസിഡന്റുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഒരിക്കലും നിലവാരം നഷ്ടപ്പെടില്ല. കഴിഞ്ഞ പ്രസിഡന്റിനെപ്പോലെ ഒരു മണ്ടനായ പ്രസിഡന്റുണ്ടെങ്കില്‍, നിങ്ങള്‍ക്ക് നിലവാരം നഷ്ടപ്പെടും. നമുക്ക് ലോകനിലവാരമുള്ള ഡോളര്‍ നഷ്ടപ്പെട്ടാല്‍, അത് ഒരു ലോകമഹായുദ്ധം തോല്‍ക്കുന്നത് പോലെയാകും. അത് സംഭവിക്കാന്‍ പാടില്ല,’ ട്രംപ് വ്യക്തമാക്കി. ഡോളറിന്റെ സ്ഥാനത്തെ വെല്ലുവിളിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന്് ട്രംപ് ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.