KERALA UNIVERSITY| കേരള സര്‍വ്വകലാശാലയില്‍ പ്രതിസന്ധി തുടരുന്നു; സര്‍വകലാശാലയില്‍ കയറരുതെന്ന് രജിസ്ട്രാറിന് വിസിയുടെ നോട്ടീസ്

Jaihind News Bureau
Wednesday, July 9, 2025

ഗവര്‍ണര്‍ സിന്‍ഡിക്കേറ്റ് പോരില്‍ കേരള സര്‍വ്വകലാശാലയിലെ അസാധാരണ പ്രതിസന്ധി തുടരുന്നു. രജിസ്ട്രാര്‍ ഡോ.കെ എസ് അനില്‍ കുമാറിനോട് പദവിയില്‍ തുടരരുതെന്നും ഓഫീസ് സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും താല്‍ക്കാലിക വി സി ഡോക്ടര്‍ സിസാ തോമസ് കര്‍ശന നിര്‍ദേശം നല്‍കി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കി. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാല്‍ അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ നല്‍കി.

രജിസ്ട്രാര്‍ക്ക് പകരം വിസി ചുമതല നല്‍കിയിരിക്കുന്ന മിനി കാപ്പന് ഇനിയും രജിസ്ട്രാറുടെ ചുമതല ഏറ്റെടുക്കാനായിട്ടില്ല. ഇവരെ ചുമതല എടുക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് ഇടത് സംഘടനകള്‍. അനില്‍കുമാറിനോട് തുടരാനുള്ള നിര്‍ദ്ദേശമാണ് സിന്‍ഡിക്കേറ്റ് നല്‍കിയിട്ടുള്ളത്. ഇതിനിടയില്‍ അവധിയിലായിരുന്ന വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍ ഇന്ന് തിരികെയെത്തും. കഴിഞ്ഞദിവസം അസാധാരണമായ പ്രതിഷേധവും സംഘര്‍ഷവുമാണ് സര്‍വ്വകലാശാലയില്‍ അരങ്ങേറിയത്.