NATIONAL STRIKE| ഇന്ന് ദേശീയ പണിമുടക്ക്; കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത

Jaihind News Bureau
Wednesday, July 9, 2025

കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യതയുണ്ട്.

വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്. മിനിമം വേതനം 26,000 രൂപയായും പെന്‍ഷന്‍ 9000 രൂപയായും നിശ്ചയിക്കുക, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമര സമിതി പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഐടിയു, ഐഎന്‍ടിയുസി, എന്‍എല്‍യു, ഐഎന്‍എല്‍സി തുടങ്ങിയ നിരവധി തൊഴിലാളി സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാണ്. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലയില്‍ ജോലിയെടുക്കുന്നവര്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ്, തപാല്‍, ടെലികോം മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ എന്നിവര്‍ പണിമുടക്കില്‍ പങ്കെടുക്കും. അതേസമയം പാല്‍, പത്രം തുടങ്ങിയ അവശ്യ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല.

സ്‌കൂള്‍, കോളേജ് അധ്യാപകരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിപ്പുണ്ടെങ്കിലും പ്രായോഗികമാകുമോ എന്നത് കണ്ടറിയണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. കാലിക്കറ്റ്, കണ്ണൂര്‍, കേരള, എം ജി സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. ഫാക്ടറികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയും അറഞ്ഞു കിടക്കും. മാളുകളും കടകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാതെയും കടകള്‍ തുറക്കാതെയും സഹകരിക്കണമെന്ന് വിവിധ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.