പത്തനംതിട്ട കോന്നി പാറമടയില്‍ പാറ ഇടിഞ്ഞു വീണ് കാണാതായ അതിഥി തൊഴിലാളിക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ച അതിഥിത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്. പാറ ഇടിയുന്നതിനാല്‍ ദൗത്യം സങ്കീര്‍ണമാണ്.
ആഴമേറിയ വലിയ പാറമടയുടെ മുകള്‍ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തില്‍പെട്ടത്. അതേസമയം അപകടത്തെ തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു. കളക്ടറിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ക്വാറിക്ക് അടുത്ത വര്‍ഷംവരെ ലൈസന്‍സ് ഉണ്ടെന്ന് അധികൃതര്‍ പറയുന്നു. പ്രവര്‍ത്തനം സംബന്ധിച്ച് കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.