TEXAS FLOOD| ടെക്‌സസിലെ മിന്നല്‍പ്രളയം: മരണം 100 കടന്നു; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

Jaihind News Bureau
Tuesday, July 8, 2025

ടെക്‌സസിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നതായി റിപ്പോര്‍ട്ട്. 104 പേര്‍ മരിച്ചതായി സ്ഥിരീകരണമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കേര്‍ കൗണ്ടിയില്‍ മാത്രം മരിച്ചത് 84 പേരാണ്. ഇവരില്‍ 28 പേര്‍ കുട്ടികളാണ്. 24 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. ക്യാമ്പ് മിസ്റ്റിക്കിലെ 10 കുട്ടികളും ഒരു കൗണ്‍സലറും ഇതില്‍ ഉള്‍പ്പെടുന്നു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ടെക്‌സസിന്റെ മധ്യ മേഖലയില്‍ ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ടെക്‌സസില്‍ മിന്നല്‍ പ്രളയമുണ്ടായത്. ശക്തമായ മഴയില്‍ വെറും 45 മിനിറ്റിനുള്ളില്‍ ഗ്വാഡലൂപ്പ് നദിയില്‍ ജലനിരപ്പ് 26 അി ഉയര്‍ന്നു. ടെക്‌സസ് ഹില്‍ കണ്‍ട്രിയിലെ വരണ്ടതും ഒതുക്കമുള്ളതുമായ മണ്ണിന് വെള്ളം വേഗത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയാതെ വന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി. ഗ്വാഡലൂപ് നദിയുടെ തീരത്ത് കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ സൂചന നല്‍കി. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൈന്യത്തിന്റെ ഡ്രോണുകളും തീരരക്ഷാസേനയുടെ വിമാനങ്ങളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. ഇതുവരെ 850 പേരെ രക്ഷപ്പെടുത്തി.