കേരള സര്‍വകലാശാലയിലെ തുറന്ന പോരില്‍ കടുത്ത നടപടിയുമായി രാജ്ഭവന്. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനും രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിനുമെതിരെ ചാന്‍സലറായ ഗവര്‍ണര്‍ നടപടിയിലേക്ക് നീങ്ങുകയാണ്. അനില്‍കുമാറിനെയും ജോയിന്‍ രജിസ്ട്രാറേയും സസ്പെന്‍ഡ് ചെയ്യാനാണ്
രാജ്ഭവന്റെ ആലോചന. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ക്ക് ഗവര്‍ണര്‍ നീക്കം ആരംഭിച്ചു. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഇത്തരം നീക്കമുണ്ടായാല്‍ കോടതിയില്‍ ചോദ്യം ചെയ്യാനാണ് സിന്‍ഡിക്കേറ്റിന്റെയും സര്‍ക്കാരിന്റെയും നീക്കം.
വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സിലര്‍ നടപടിയിലേക്ക് നീങ്ങുന്നത്. രണ്ട് സര്‍വ്വകലാശാലകളില്‍ താല്‍ക്കാലിക വിസി മാരെ നിയമിച്ച ഗവര്‍ണറുടെ നടപടിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് വിധി പറയും. നേരത്തെ സിംഗിള്‍ ബഞ്ച് ഗവര്‍ണറുടെ നടപടി റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെ ഗവര്‍ണര്‍ നല്കിയ അപ്പീലിലാണ് വിധി.
അതേസമയം അതി നാടകീയ രംഗങ്ങള്‍ കേരള സര്‍വ്വകലാശാലയില്‍ തുടരുകയാണ്. വിസി – സിഡിക്കേറ്റ് പോര് കടത്തപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി രണ്ട് പേരാണ് ഇപ്പോള്‍ സര്‍വകലാശാലയുടെ രജിസ്ട്രാര്‍ പദവിയിലുള്ളത്. സസ്പെന്ഷന് റദ്ദാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം രാവിലെ തന്നെ കെഎസ് അനില്‍കുമാര്‍ രജിസ്ട്രാര്‍ കസേരയിലെത്തി ചുമതലയില്‍ ഏറ്റെടുത്തിരുന്നു. പിന്നാലെ പ്ലാനിംഗ് ഡയറക്ടര്‍ മിനി കാപ്പന് രജിസ്ട്രാറിന്റെ ചുമതല നല്കി വിസി സിസ തോമസ് പുതിയ ഉത്തരവിറക്കി.