TRUMP| ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മേല്‍ 25% തീരുവ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

Jaihind News Bureau
Tuesday, July 8, 2025

ദക്ഷിണ കൊറിയയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് 1 മുതല്‍ താരിഫ് സ്ലാബുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പ്രഖ്യാപിച്ചു. യുഎസും ഈ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി ഇല്ലാതാക്കാന്‍ ആവശ്യമായതിനേക്കാള്‍ വളരെ കുറവാണ് ഈ നിരക്കുകളെന്നും ട്രംപ് പറഞ്ഞു.

‘2025 ഓഗസ്റ്റ് 1 മുതല്‍, എല്ലാ മേഖലാ താരിഫുകളില്‍ നിന്നും വ്യത്യസ്തമായി, അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ജപാപനില്‍ നിന്നും കൊറിയയില്‍ നിന്നും 25% മാത്രമേ താരിഫ് ഈടാക്കൂ. ഉയര്‍ന്ന താരിഫ് ഒഴിവാക്കാന്‍ ട്രാന്‍സ്ഷിപ്പ് ചെയ്ത സാധനങ്ങള്‍ക്ക് ആ ഉയര്‍ന്ന താരിഫ് ബാധകമായിരിക്കും. നിങ്ങളുടെ രാജ്യവുമായുള്ള വ്യാപാരക്കമ്മി അസമത്വം ഇല്ലാതാക്കാന്‍ ആവശ്യമായതിനേക്കാള്‍ വളരെ കുറവാണിതെന്ന് ദയവായി മനസ്സിലാക്കുക,’ ട്രംപ് രണ്ട് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും അയച്ച പ്രത്യേക കത്തുകളില്‍ പറഞ്ഞു.

പുതിയ താരിഫ് നിരക്കുകള്‍ ഏര്‍പ്പെടുത്താനുള്ള തന്റെ നീക്കത്തെക്കുറിച്ച് ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബ ഷിഗെരുവിനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങിനും അയച്ച കത്തുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ട്രംപ് പങ്കുവെച്ചു. അമേരിക്കയ്ക്കുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയാണെങ്കില്‍, എല്ലാ താരിഫുകളില്‍ നിന്നും ഒഴിവാക്കുമെന്ന് ട്രംപ് തന്റെ ഏഷ്യന്‍ വ്യാപാര പങ്കാളികള്‍ക്ക് ഉറപ്പ് നല്‍കി.

കൊറിയയോ ജപ്പാനോ അല്ലെങ്കില്‍ നിങ്ങളുടെ രാജ്യത്തിലെ കമ്പനികളോ യുണൈറ്റഡ് സ്റ്റേറ്റ്‌സിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ താരിഫ് ഉണ്ടാകില്ല, വാസ്തവത്തില്‍, അനുമതികള്‍ വേഗത്തിലും, പ്രൊഫഷണലായും, പതിവായി ലഭിക്കാന്‍ ഞങ്ങള്‍ സാധ്യമായതെല്ലാം ചെയ്യും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണ കൊറിയയോ ജപ്പാനോ തങ്ങളുടെ സ്വന്തം താരിഫുകള്‍ ഉപയോഗിച്ച് അമേരിക്കയോട് പ്രതികരിച്ചാല്‍ താരിഫുകള്‍ 25 ശതമാനത്തില്‍ കൂടുതലായി ഉയര്‍ത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.