മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ബിഹാറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ നാട്ടുകാര്‍ ജീവനോടെ ചുട്ടു കൊന്നു. ബിഹാറിലെ പൂര്‍ണിയയിലാണ് സംഭവം. പ്രദേശത്ത് അടുത്തിടെയുണ്ടായ മരണങ്ങള്‍ക്ക് പിന്നില്‍ കുടുംബമാണെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടത്തിന്റെ കൊടുംക്രൂരത.
ബാബുലാല്‍ ഒറാവോണ്‍, സീതാ ദേവി, മഞ്ജീത് ഒറാവോണ്‍, റാനിയ ദേവി, തപ്തോ മോസ്മത്ത് എന്നവരാണ് ക്രൂരമായ കൊലപതാകത്തിന് ഇരയായത്. ഗ്രാമവാസികളെല്ലാം ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കുടുംബത്തിലെ രക്ഷപ്പെട്ട ഒരു കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടി വളരെ മാനസികാഘാതത്തിലായതിനാലും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാന്‍ കഴിയാത്തതിനാലും ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പൊലീസും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പട്രോളിംഗ് നടത്തുകയാണ്.
അഞ്ച് മൃതദേഹങ്ങളില്‍ നാലെണ്ണം കത്തിക്കരിഞ്ഞ നിലയില്‍ അടുത്തുള്ള ഒരു കുളത്തില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പൂര്‍ണിയ കൊലപാതകങ്ങളില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ബിഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. മുഖ്യമന്ത്രി അബോധാവസ്ഥയിലാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ബിഹാറില്‍ തുടരെ ഉണ്ടാകുന്ന കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.