കോട്ടയം മെഡിക്കല്‍ കോളേജ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും ആരോഗ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസ് ബലപ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ആരോഗ്യ മേഖലയിലെ പിടിപ്പുകേടില്‍ പ്രതിഷേധിച്ചും കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും ആരോഗ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടാണ് മഹിളാ കോണ്‍ഗ്രസ് ഭരണസിരാകേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍
നൂറുകണക്കിന് മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരന്നു. തൊട്ടതൊക്കെ കുളമാക്കി വീണ ജോര്‍ജ് ആരോഗ്യവകുപ്പിനെ അനാരോഗ്യ വകുപ്പാക്കിയെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെ മുരളീധരന് കുറ്റപ്പെടുത്തി. വീണ ജോര്‍ജ് രാജിവച്ച് മോര്‍ച്ചറിയില്‍ നിന്ന് ആരോഗ്യവകുപ്പിന് കരകയറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉദ്ഘാടനത്തിനുശേഷം പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പ്രതിഷേധമുയര്‍ത്തി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് നിരവധിതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ നിരവധിതവണ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പോലീസ് ബല പ്രയോഗത്തില്‍ വനിതാ പ്രവര്‍ത്തകയ്ക്ക് പരിക്കേറ്റത്തോടെ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. പോലീസ് ബലപ്രയോഗവും ജലപീരങ്കി പ്രയോഗവും തുടര്‍ന്നെങ്കിലും പ്രവര്‍ത്തകര്‍ പിന്‍വാങ്ങാതെ സമരം തുടര്‍ന്നു. ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിഷേധത്തിന് ശേഷം മന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തകര്‍ പ്രകടനമായി മടങ്ങി.