RAMESH CHENNITHALA| ‘എല്ലാവര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കുന്ന നിലപാടാണ് ആരോഗ്യ മന്ത്രിയുടേത്; അത് വളരെ ദൗര്‍ഭാഗ്യകരം’- രമേശ് ചെന്നിത്തല

Jaihind News Bureau
Monday, July 7, 2025

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ പ്രതിഷേധം ഇന്നും തുടരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇത്തരം കാര്യങ്ങളെ ആരോഗ്യമന്ത്രി വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ഗുരുതര വീഴ്ചയാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന്റെ ഉത്തരവാദികളെ കണ്ടെത്തണം, ശിക്ഷിക്കണം. എല്ലാവരെയും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എല്ലാവര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കുന്ന നിലപാടാണ് മന്ത്രിയുടേത്. അത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ ജെറിപ്രേം രാജ് അനുസ്മരണത്തിന് വെങ്ങാനൂരിലെ ക്യാപ്റ്റന്‍ ജെറി പ്രേം രാജിന്റെ വസതിയിലെത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സര്‍വകലാശാലകള്‍ വന്‍ തകര്‍ച്ച നേരിടുകയാണ്. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തത് കുട്ടികളെ വിദേശ സര്‍വകലാശാലകളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനല്ല സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഗവര്‍ണര്‍-ഇടതു സര്‍ക്കാര്‍ പോരിനാണ് പ്രാധാന്യം. കുട്ടികളുടെ ഭാവിയെ കരുതിയെങ്കിലും തമ്മിലടി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കൈയെടുത്ത് ഗവര്‍ണര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയാറല്ല. രാഷ്ട്രപതിയെ സമീപിക്കാനോ തയാറാകാതെ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ നയമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.