നിപ ബാധിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് യുവതിയെ ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. യുവതിയുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ സാമ്പിള്‍ പരിശോധനാ ഫലം പുറത്തുവന്നപ്പോൾ മൂന്ന് പേരുടേയും ഫലം നെഗറ്റീവാണ്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്. ഇതോടെ ആശങ്ക അകന്നു. ഇവരില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേര് പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. യുവതിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റാര്‍ക്കും നിലവില്‍ രോഗ ലക്ഷണങ്ങളില്ല. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേരാണുളത്. മലപ്പുറത്ത് 241 പേരും പാലക്കാട് 142 പേരും കോഴിക്കോട് 94 പേരും 2 പേര് എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര് ഐസിയു ചികിത്സയിലുണ്ട്. പാലക്കാട് 4 പേര് ഐസൊലേഷനില്‍ ചികിത്സയിലാണ്.
ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സംഘം എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് എത്തുക. കേരളത്തിന് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവില്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍.