മലപ്പുറം കാളികാവിലെ ആളെക്കൊല്ലി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കടുവയെ വെടിവെച്ച് കൊല്ലണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധിച്ചു. കടുവയെ അമരമ്പലം ആര്‍ആര്‍ടി ക്യാമ്പിലേക്ക് മാറ്റി ചികിത്സ നല്‍കിയശേഷം തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാനാണ് തീരുമാനം.
കരുവാരക്കുണ്ട് സുല്‍ത്താന എസ്റ്റേറ്റില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് കടുവയ്ക്കായി തിരച്ചില്‍ നടത്തിവരികയായിരിന്നു. കൂട്ടില്‍ കടുവ കുടുങ്ങിയതായി നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്. മെയ് 15-നാണ് തോട്ടംതൊഴിലാളിയായ 44 കാരന്‍ ഗഫൂറിനെ കാളികാവ് എസ്റ്റേറ്റില്‍വെച്ച് കടുവ കൊലപ്പെടുത്തിയത്. അന്നുമുതല്‍ ദൗത്യസംഘം തിരച്ചില്‍ നടത്തിവരികയായിരുന്നു.അതിനിടെ കടുവയെ വെടിവെച്ച് കൊല്ലണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.
പ്രദേശത്തെ കടുവയുടെ സാന്നിധ്യം കാരണം ജോലിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ കടുവയെ മറ്റൊരു കാട്ടിലേക്ക് മാറ്റി അമരമ്പലം ആര്‍ആര്‍ടി ക്യാമ്പിലേക്ക് കൊണ്ടുപോയി, ശരീരത്തിലെ മുറിപ്പാടുകള്‍ ഭേദമായശേഷം തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ തീരുമാനം. പ്രദേശത്ത് പലതവണ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ക്യാമറകളില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നുവെന്ന് മാത്രമല്ല ഒരു തവണ കടുവയെ നേരില്‍ കാണുകയും ചെയ്തിരുന്നു. എന്നാല്‍ പിടികൂടാന്‍ കഴിയാത്തത് വനംവകുപ്പിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.