കോവിഡ് കാലത്ത് കേരളത്തിലേക്ക് എത്തിയവര്‍ക്ക് കുടിവെള്ളം ഉള്‍പ്പെടെ നല്‍കാന്‍ വി.കെ ശ്രീകണ്ഠന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തില്‍ ശ്രമിച്ചപ്പോള്‍ മരണത്തിന്റെ വ്യാപാരികള്‍ എന്നാണ് ദേശാഭിമാനിയും സി.പി.എമ്മും വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോട്ടയത്ത് മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സര്‍ക്കാരിന് സാധിക്കില്ല. രണ്ടു മന്ത്രിമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അവിടെ വന്ന് പ്രസംഗിച്ചത്. കെട്ടിടം അടച്ചിട്ടതാണെന്നും അതിനുള്ളില്‍ ആരുമില്ലെന്നും മന്ത്രിമാര്‍ പറഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. പിന്നീട് ചാണ്ടി ഉമ്മന്‍ എം.എല്‍.എ എത്തി ബഹളമുണ്ടാക്കിയപ്പോഴാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരികള്‍. സര്‍ക്കാരിന്റെ വീഴ്ച പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടും. സര്‍ക്കാരിന്റെ തെറ്റുകളെ വിമര്‍ശിക്കും. ഡോ ഹാരിസിന്റെ വെളിപ്പെടുത്തലിന് ശേഷമോ ആശുപത്രി കെട്ടിടം ഇടിഞ്ഞു വീഴുകയോ ചെയ്തതിനു ശേഷമല്ല പ്രതിപക്ഷം ആരോഗ്യമേഖലയെ വിമര്‍ശിക്കാന്‍ തുടങ്ങിയത്. കോവിഡ് കാലത്ത് തുടങ്ങിയതാണ് വേഷം കെട്ടല്‍. കോടിക്കണക്കിന് രൂപ കൊള്ളയടിച്ച് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി കാലാവധി കഴിഞ്ഞ മരുന്നുകള്‍ വരെ വിതരണം ചെയ്ത കൊള്ളക്കാരാണിവര്‍. 27000 കോവിഡ് മരണങ്ങള്‍ മറച്ചുവച്ച സര്‍ക്കാരാണിത്. എന്നിട്ടാണ് ലോകത്ത് ഏറ്റവും നല്ലരീതിയില്‍ കോവിഡ് കൈകാര്യം ചെയ്ത സംസ്ഥാനമാണെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പി.ആര്‍ പ്രൊപ്പഗന്‍ഡ ഇറക്കിയത്. അതു തന്നെയാണ് ഇപ്പോഴും നടക്കുന്നത്. ഏറ്റവും കൂടുതല്‍ പകര്‍ച്ചവ്യാധികളുള്ള സംസ്ഥാനമാണ് കേരളം. ഒരു സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നോ സര്‍ജിക്കല്‍ ഉപകരണങ്ങളോ ഇല്ല. 1100 കോടി രൂപയാണ് സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നല്‍കാനുള്ളത്. അതിന് പ്രതിപക്ഷം സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ടേ? സര്‍ക്കാരിനെ പ്രതിപക്ഷം നിരന്തരമായി കുറ്റപ്പെടുത്തും. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതായിരുന്നു ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍. അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് ഡോ ഹാരിസിനെ ഭീഷണിപ്പെടുത്തിയത്. ആരോഗ്യരംഗത്തെ എല്ലാ അഴിമതികളും പുറത്ത് കൊണ്ടുവരും. പി.ആര്‍ ഏജന്‍സിയെ വച്ചുള്ള പ്രചരണം മാത്രമാണ് ആരോഗ്യരംഗത്ത് നടക്കുന്നത്. അതേക്കുറിച്ച് പറയുക തന്നെ ചെയ്യുമെന്നും അദ്ദേഹം ചാലക്കുടിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ പുറത്തു വരുന്നതിന്റെ അസഹിഷ്ണുത മന്ത്രിക്ക് സഹിക്കാനാകുന്നില്ല. ഇതെല്ലാം നിയമസഭയ്ക്കകത്തും പുറത്തും നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോഴിക്കോട്ടെയും തൃശൂരിലെയും മെഡിക്കല്‍ കോളജുകളുടെ സ്ഥിതി പരിതാപകരമാണ്. കത്രികയും നൂലും പഞ്ഞിയുമായി ആശുപത്രിയില്‍ പോകേണ്ട അവസ്ഥയാണ്. കോടക്കണക്കിന് രൂപയാണ് മരുന്ന് വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് നല്‍കാനുള്ളത്. അതേക്കുറിച്ചൊന്നും മന്ത്രി ഒന്നും പറയാത്തത് എന്തുകൊണ്ടാണ്. എന്നിട്ടാണ് പത്ത് വര്‍ഷത്തിന് മുന്നേയുള്ള കഥ പറയുന്നത്. മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നു പറയുന്ന എം.വി ഗോവിന്ദന്‍ പരസ്പരവിരുദ്ധമായി കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലാണ്. ആരോഗ്യമന്ത്രി കുറ്റവാളിയായി ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. എന്നിട്ടാണ് അതിനെയെല്ലാം ന്യായീകരിക്കുന്നത്. മന്ത്രി നിരന്തരമായി തെറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇടത് സഹയാത്രികരായ ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും വരെ സത്യം പറയും. എന്നിട്ടും മന്ത്രിയെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രി ചികിത്സയ്ക്ക് പോകുന്നതിനെ കുറ്റപ്പെടുത്തുന്നില്ല. അസുഖം വന്നാല്‍ ചികിത്സിക്കുന്നതിനെ കുറ്റപ്പെടുത്തില്ല. പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് തീരുമാനിക്കേണ്ടത്. പകരം ആളിനെ വച്ചിട്ടും പ്രത്യേകിച്ച് ഒരു കാര്യവുമില്ല. സര്‍ക്കാരില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്‌നം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും ഈ വിഷയമാണ് യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടിയത്. മരിച്ച ബിന്ദുവിന്റെ മകളുടെ ചികിത്സാ ചെലവ് പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറായത്. പ്രതിപക്ഷം അത് പറഞ്ഞില്ലായിരുന്നെങ്കില്‍ ഇന്നലെയും ആ പ്രഖ്യാപനം ഉണ്ടാകില്ലായിരുന്നു.
അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത് ശരിയല്ല. തിരഞ്ഞെടുപ്പ് കാലത്ത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിട്ട അധ്യാപകനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലല്ലോ. സി.പി.എം ആയതു കൊണ്ടാണ് അന്ന് നടപടി എടുക്കാതിരുന്നത്. സൂംബ ഡാന്‍സിനെ പറ്റി ഒരു അധ്യാപകന് അഭിപ്രായം പറയാന്‍ പാടില്ലേ? ഉന്നത വിദ്യാഭ്യാസ വകുപ്പ് മനേജ്‌മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് അധ്യാപകനെതിരെ നടപടി എടുപ്പിച്ചത്. അധ്യാപകന് എതിരായ നടപടി പിന്‍വലിക്കണം. അത് കേരളത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.