കോട്ടയം മെഡിക്കല്‍ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം തകര്‍ന്ന് വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇതിനിടയിലാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍ താമസിച്ചതു കൊണ്ടെന്ന് വിമര്‍ശനമുയര്‍ന്നത്. അന്നേ ദിവസം കോട്ടയത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ ജില്ലാ കളക്ടറും റവന്യു ഉദ്യോഗസ്ഥരും ജില്ലാ ഫയര്‍ ഓഫീസറും ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
അപകട വിവരം അറിഞ്ഞിരുന്നെങ്കിലും അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംഭവ സ്ഥലത്ത് ഉടന്‍ എത്താന്‍ കഴിഞ്ഞില്ല. ഇത്തരത്തില്‍ ഒരു അപകടം നടന്നതറിഞ്ഞിട്ടും അവലോകന യോഗത്തില്‍ നിന്ന് വിട്ടു നിന്നാല്‍ നടപടി ഉണ്ടാകുമോ എന്ന ഭയത്തിലാണ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്താതെ യോഗത്തില്‍ തുടര്‍ന്നത്. എറെ വൈകിയാണ് റവന്യു ഉദ്യോഗസ്ഥരും ജില്ലാ ഫയര്‍ ഓഫീസറും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയത്. എന്നാല്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ അപകട സ്ഥലത്തെയിത് ഉച്ചയ്ക്ക് ശേഷമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതേ സമയം അപകടം നടന്നയുടനെ സ്ഥലത്തെത്തിയത് ഫയര്‍ ഫോഴ്‌സ് അംഗങ്ങളും പൊലീസും മാത്രമാണ്. ഇവര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കേണ്ട ഉദ്യോഗസ്ഥര്‍ എത്താത്തത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതാണ് തകര്‍ന്ന വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ബിന്ദുവിന്റെ രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണം.
അതേ സമയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കളക്്ടര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഏഴ് ദിവസത്തിനകം അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ മന്ത്രിക്ക് കൈമാറും. അതിനിടെ ബിന്ദുവിന്റെ മരണത്തില്‍ ഉത്തരവാദി ആരോഗ്യ മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.