NIPAH: നിപ: മലപ്പുറത്ത് നാല് പഞ്ചായത്തിലെ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍; രോഗികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

Jaihind News Bureau
Saturday, July 5, 2025

മലപ്പുറം മക്കരപറമ്പ് നിപ സ്ഥിരീകരച്ച സാഹചര്യത്തിന്‍ ജില്ലയില്‍ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു. മലപ്പുറത്ത് 211 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു.

നിപ ജാഗ്രത മലപ്പുറത്ത് ഇവിടങ്ങളില്‍

മക്കരപറമ്പ് – ഒന്ന് മുതല്‍ 13 വരെ വാര്‍ഡുകള്‍
കൂടിലങ്ങാടി-11, 15 വാര്‍ഡുകള്‍
മങ്കട – 14-ാം വാര്‍ഡ്
കുറുവ – 2, 3, 5, 6 വാര്‍ഡുകള്‍

രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. മലപ്പുറത്ത് ഇന്നലെ നിപ സ്ഥിരീകരിച്ച പതിനെട്ടുകാരിയായ മങ്കട സ്വദേശി ഇക്കഴിഞ്ഞ ഒന്നാം തീയതി മരിച്ചിരുന്നു. നിപ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ മാസം 28നാണ് പെണ്‍കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെയായിരുന്നു മരണം. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ലെ ഡോക്ടറും രണ്ട് ജീവനക്കാരും ഹോം ക്വാറന്റൈനിലാണ്. ആകെ 345 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 211 , പാലക്കാട് 91, കോഴിക്കോട് 43 എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുളത്.

പാലക്കാട് കരിമ്പുഴയിലും തച്ചനാട്ടുകരയിലും കണ്ടെയ്മെന്റ് സോണുകളുണ്ട്. ഇവിടങ്ങളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 6 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. പുറമെ നിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് എന്നിവര്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കണ്ടെയ്മെന്റ് സോണിനകത്ത് കടക്കാം. എന്‍ 95 മാസ്‌ക് ഉപയോഗിക്കണമെന്നതടക്കം ജില്ലാകളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.