വീണാ ജോര്‍ജിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. കളക്ടറുടെ അന്വേഷണം പോരായെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
മന്ത്രിമാര്‍ ദുരന്തത്തെ ലഘൂകരിക്കാനും വൈറ്റ്വാഷ് ചെയ്യാനുമാണ് ശ്രമിച്ചതെന്നും തക്ക സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ബിന്ദു മരിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നില്ലെന്നും കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. രക്ഷാപ്രവര്‍ത്തണം രണ്ടേകാല്‍ മണിക്കൂര്‍ വൈകി. ഇത് കൊലപാതകം തന്നെയാണെന്നും ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു.
സംഭവത്തെ ന്യായീകരിക്കാനുള്ള അതിയായ വ്യഗ്രതയിലാണ് ഈ അബദ്ധം സംഭവിച്ചതെന്നും അധ്യക്ഷന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യരംഗത്തിന്റെ തകര്‍ച്ച ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. യാഥാര്‍ത്ഥ്യം രൂക്ഷമാണെന്ന് ഓരോ ദിവസത്തെയും സംഭവങ്ങള്‍ തെളിയിക്കുകയാണ്. ഇവിടെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ചേരാറുണ്ടായിരുന്നില്ല. പുതിയ കെട്ടിടം പണി കഴിഞ്ഞിരുന്നെങ്കിലും ഉദ്ഘാടനം ചെയ്യാനായി മാറ്റിവെച്ചു. ബിന്ദുവിന്റെ കുടുബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
അതേസമയം രക്ഷാപ്രവര്‍ത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ ചിലപ്പോള്‍ ബിന്ദുവിനെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നുവെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ പ്രതികരിച്ചിരുന്നു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.