മന്ത്രിമാരായ വീണ ജോര്‍ജ്ജിനും വി.എന്‍ വാസവനും എതിരെ ബിന്ദുവിന്റെ ഭര്‍ത്താവ്. മന്ത്രിമാര്‍ നുണ പറഞ്ഞത് ആശുപത്രിയുടെ വീഴ്ച മറയ്ക്കാനെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. രക്ഷാ പ്രവര്‍ത്തനം നേരത്തെ ആയിരുന്നുവെങ്കില്‍ ബിന്ദുവിന്റെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും വിശ്രുതന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ഉപയോഗശൂന്യമായ കെട്ടിടമെന്ന് മന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. ‘വീട് നോക്കിയിരുന്നത് അവളാണ്. അവള്‍ക്ക് പകരം ഞാന്‍ പോയാല്‍ മതിയായിരുന്നു’, വിശ്രുതന്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. വീഴ്ച മറച്ചു വയ്ക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ശ്രമിച്ചു. ആശ്വാസ വാക്കുമായി ആരും വന്നില്ല. കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ല.
അതേസമയം, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്ന് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജിലെ സര്‍ജറി ഓര്‍ത്തോ വിഭാഗമാണ് മുമ്പ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ അഞ്ച് വയസുള്ള ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാര്‍ഡിന്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകര്‍ന്നു വീണത്. അപകടമുണ്ടായതോടെ പതിനാലാം വാര്‍ഡിന്റെ മറ്റു ഭാഗങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.