കെട്ടിടം തകര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ എന്തുകൊണ്ട് രക്ഷാപ്രവര്‍ത്തനം വൈകിയെന്നതില്‍ അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സംഭവം നടന്ന സ്ഥലത്തെത്തിയ ആരോഗ്യമന്ത്രി വീണജോര്‍ജ്ജും മന്ത്രി വാസവനും നിജസ്ഥിതി പരിശോധിച്ച് കാര്യങ്ങള്‍ മനസിലാക്കി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയ ശേഷമാണ് തകര്‍ന്ന കെട്ടിടത്തില്‍ ആളില്ലായിരുന്നുവെന്ന് പറയേണ്ടത്. ഇത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് കാലതാമസമുണ്ടാക്കി. അല്ലായിരുന്നെങ്കില്‍ പാവപ്പെട്ട വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. ഇത് മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടായ പാകപ്പിഴവാണ്. ഒരു സാധു സ്ത്രീമരിക്കാനിടയായത് നിര്‍ഭാഗ്യകരമാണെന്നും വേണുഗോപാല്‍ പറഞ്ഞു
എന്തുസംഭവിച്ചാലും മന്ത്രിമാര്‍ ന്യായീകരണ പണിയെടുക്കുന്നത് കൊണ്ടാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങി ഒരു മനുഷ്യ ജീവന്‍ നഷ്ടമായത്. ദുരന്തം ഉണ്ടായാലും അക്രമം നടന്നാലും അതിനെ ന്യായീകരിക്കണമെന്ന കേരള മോഡലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നല്‍കിയത്. അതുകൊണ്ടാണ് കോട്ടയത്ത് തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ആളില്ലെന്ന് മുന്‍വിധിയോടെ മന്ത്രിമാര്‍ പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒരു ബില്‍ഡിംഗ് ഓഡിറ്റ് നടത്തിയാല്‍ അറ്റകുറ്റപ്പണി നടത്താനുള്ള കെട്ടിടങ്ങളെ കുറിച്ച് മനസിലാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.
കേരളത്തിലെ ആരോഗ്യമേഖല നാഥനില്ലാ കളരിയാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയിട്ടും പരിഹാരമില്ല. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിലും കാലപ്പഴക്കം ചെന്നവ പുതുക്കി പണിയുന്നതിലും ആരോഗ്യവകുപ്പും പൊതുമരാമത്തും വകുപ്പും തമ്മില്‍ ഏകോപനമില്ല. തന്റെ മണ്ഡലത്തില്‍ അനുഭവിക്കുന്ന ദുരവസ്ഥയാണിത്. താന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രിയിലെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ട് ഒരു വര്‍ഷമായിട്ടും നടപടിയുണ്ടായില്ല. ഇത്തരം ദുരവസ്ഥയാണ് ഡോ.ഹാരീസ് ഹസന്‍ ഗത്യന്തരമില്ലാതെ തുറന്ന് പറഞ്ഞത്.
പ്രശ്നങ്ങള്‍ ചൂണ്ടികാണിക്കുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് പകരം അതുന്നയിക്കുന്നവരെ വേട്ടയാടുകയാണ് പിണറായി സര്‍ക്കാര്‍. ഈ സിസ്റ്റത്തിനാണ് പ്രശ്നം. സത്യം പറഞ്ഞ ഡോ.ഹാരീസിനെ മത്സരിച്ചാണ് മന്ത്രിമാര്‍ ആക്രമിക്കുന്നത്. മുഖ്യമന്ത്രിയാണ് അതിന് തുടക്കമിട്ടത്. സത്യം പറയുന്നവരെ വേട്ടയാടി ഇല്ലാതാക്കുന്ന സര്‍ക്കാരിന് തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാടാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
മോദിയുടെ സുരക്ഷാ ചുമതലയുടെ പദവിയും ഐബിയുടെ സ്പെഷ്യല്‍ ഡയറക്ടറുമായിരുന്ന റവാഡ ചന്ദ്രശേഖറിനെ ഡിജിപിയാക്കിയത് സിപിഎം ബിജെപി അന്തര്‍ധാരയുടെ ഭാഗമാണ്. സ്വന്തം തടിയെ കുറിച്ചോര്‍ത്തപ്പോള്‍ മുഖ്യമന്ത്രി കൂത്തുപറമ്പ് രക്തസാക്ഷികളെയും അവരുടെ കുടുംബത്തേയും മറന്നു. കൂത്തുപറമ്പ് വെടിവെയ്പ്പില്‍ കുറ്റക്കാരെനെന്ന് സിപിഎം അന്ന് പറഞ്ഞ വ്യക്തിയെ ഇപ്പോള്‍ ഡിജിപിയാക്കിയ നടപടിയെ കുറിച്ച് അണികളോട് മറുപടി പറയാന്‍ സിപിഎമ്മിന് ബാധ്യതയുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.